ഒളിച്ചും പാത്തും വീട്ടിലെ മാലിന്യങ്ങൾ റോഡുകളിൽ തള്ളാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾക്കായി 25 ലക്ഷം രൂപ ചെലവിട്ട് കെണി ഒരുങ്ങുന്നുണ്ട്

കണ്ണൂർ: ഏഴോം പഞ്ചായത്തിലെ പ്രധാന റോഡുകൾ എല്ലാം ഇനി നിരീക്ഷണ ക്യാമറ കണ്ണുകളിൽ. പ്രധാന റോഡുകൾ സംഗമിക്കുന്ന കവലകൾ ഉൾപ്പെടെയാണ് ക്യാമറകൾ സ്ഥാപിച്ചത്.
കോട്ടക്കീൽ കടവ് റോഡ് ,അരയോളം ആൽ റോഡ്, ചെങ്ങൽത്തടം റോഡ്, പഴയങ്ങാടി മുട്ടുകണ്ടി തീരദേശ റോഡ്, നെരുവമ്പ്രം എച്ച് .ആർ.ഡി കോളജ് റോഡ്, എരിപുരം ഗ്യാസ് ഗോഡൗൺ റോഡ്, ഏഴോം പഞ്ചായത്ത് ഓഫിസിന് സമീപത്തെ റോഡ് എന്നിവിടങ്ങളിലായി 12 ക്യാമറകൾ ആണ് സ്ഥാപിച്ചത്.
സോളാർ സംവിധാനത്തിലാണ് ക്യാമറകൾ പ്രവർത്തിക്കുക. ഈ ക്യാമറകളുടെയെല്ലാം കേന്ദ്രമായ പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക സ്ക്രീനും തയറാക്കിട്ടുണ്ട്.
മാലിന്യം തളളൽ വ്യാപകമായതോടെയാണ് ക്യാമറകൾ സ്ഥാപിക്കാൻ സ്മാർട്ട് ഐ പദ്ധതിയുമായി പഞ്ചായത്ത് രംഗത്ത് ഇറങ്ങിയത്.
പ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ വേണം എന്ന ജനത്തിന്റെ ആവശ്യം പൂർത്തീകരിക്കുകയായിരുന്നു പഞ്ചായത്ത്. നഗര സഞ്ജയന ഫണ്ട് വഴി 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.
അടുത്ത ആഴ്ച ഇതിന്റെ ഉദ്ഘാടനം നടക്കുമെന്നും രണ്ടാം ഘട്ടത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കും എന്നും പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ പറഞ്ഞു.