അമിത വേഗത, മത്സരയോട്ടം; ഇടുക്കിയിലെ ഓഫ് റോഡ് ജീപ്പുകള്‍ക്കെതിരെ എം.വി.ഡി

ഇടുക്കി: ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഓഫ് റോഡ് ജീപ്പുകളുടെ മത്സര ഓട്ടത്തിന് കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹനവകുപ്പ്. റോഡ് സര്‍വീസുകള്‍ പലതും അപകടകരമാണെന്നാണ് കണ്ടെത്തല്‍.
മലഞ്ചരിവുകളിലെ ചെങ്കുത്തായ പാതകളില്‍കൂടി വിനോദസഞ്ചാരികളുടെ ജീവനുതന്നെ ഭീഷണിയാകുന്ന രീതിയിലാണ് ഓഫ് റോഡ് ജീപ്പുകള്‍ സര്‍വീസ് നടത്തുന്നത്. മത്സരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഓഫ് റോഡ് ജീപ്പുകള്‍ അനുവദിക്കാനും വകുപ്പ് നിര്‍ദേശം നല്‍കി.
മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയോടെ കൊളുക്കുമലയിലും രാമക്കല്‍മേട്ടിലുമാണ് ജില്ലയില്‍ രണ്ട് സര്‍വീസുകളുള്ളത്.
ഓഫ് റോഡ് ജീപ്പുകള്‍ സര്‍വീസ് നടത്തുന്നത് ചെങ്കുത്തായ മലഞ്ചരിവുകളിലെ പാതകളിലൂടെയാണ്. ഇതിനാല്‍തന്നെ മിക്കപ്പോഴും അപകടങ്ങളും തുടര്‍ക്കഥയാണ്. കഴിഞ്ഞ ദിവസം രാമക്കല്‍മേട്ടില്‍ അപകടം ഉണ്ടാക്കിയ ഓഫ് റോഡ് ജീപ്പിന്റെ സര്‍വീസ് അനുമതി മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തലാക്കിയിരുന്നു.
നാലുമണിക്കൂര്‍ സമയംകൊണ്ട് പൂര്‍ത്തീകരിക്കേണ്ട സര്‍വീസുകള്‍ ഒരു മണിക്കൂറും രണ്ടുമണിക്കൂറുംകൊണ്ട് മത്സരയോട്ടം നടത്തി പൂര്‍ത്തീകരിക്കുകയാണ് ചെയ്യുന്നത്.
ഇത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതിനോടൊപ്പം അമിതകൂലി ഈടാക്കുന്നതായും പരാതികള്‍ ഉണ്ട്. അമിത ചാര്‍ജ് ഈടാക്കിയ സംഭവങ്ങളില്‍ പണം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തിരികെ വാങ്ങി നല്‍കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വാഗമണ്‍, പരുന്തുംപാറ, കുട്ടിക്കാനം തുടങ്ങിയയിടങ്ങളില്‍ അനധികൃത ഓഫ് റോഡ് സര്‍വീസ് നടക്കുന്നതായും മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ പരുന്തുംപാറയില്‍ പോലീസിന്റെ ഇടപെടല്‍ മൂലം ഓഫ് റോഡ് സര്‍വീസ് കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരുന്നു. കുട്ടിക്കാനത്തും വാഗമണ്ണിലും ഇപ്പോഴും അനധികൃത സര്‍വീസ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും ഉടുമ്പന്‍ചോല ആര്‍.ടി.ഒ. ജെ.അജികുമാര്‍ പറഞ്ഞു.