വിദ്യാലയച്ചുവരുകളിൽ ഏച്ചൂരിലെ എട്ടാം ക്ലാസുകാരൻ മൻമേഘിന്റെ നിറക്കൂട്ട്

Share our post

ഏച്ചൂർ : എട്ടാം ക്ലാസുകാരൻ മൻമേഘ് അവധിക്കാലം ആഘോഷമാക്കുന്നത് വിദ്യാലയച്ചുവരിൽ വർണച്ചിത്രങ്ങൾ വരച്ചാണ്. എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച ഏച്ചൂരിലെ മൻമേഘ് സ്കൂൾ ചുവരുകളിൽ വർണം പകരുന്നതോടൊപ്പം ചിത്രകലാ ക്യാമ്പുകളിൽ ക്ലാസെടുക്കാനും പോകാറുണ്ട്.

ഏച്ചൂരിലെ അനന്തോത്ത് ഉല്ലാസിന്റെയും ഡോ. ഷിനിമോളുടെയും മകനാണ് മൻമേഘ്. ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലെങ്കിലും അയ്യായിരത്തിലേറെ വ്യത്യസ്ത ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 10 തവണ ചിത്രകലാപ്രദർശനവും നടത്തി.

വെൺമണൽ എൻ.ഐ.എസ്.എൽ.പി. സ്കൂൾ, ആനയിടുക്ക് ഗവ.എൽ.പി., ഓലായിക്കര സ്കൂൾ, ചേലോറ നോർത്ത് എൽ.പി. സ്കൂൾ തുടങ്ങി പതിനഞ്ചോളം വിദ്യാലയങ്ങളിലെത്തുന്ന കുരുന്നുകളെ വരവേൽക്കുന്നത് മൻമേഘ് തീർത്ത ചോട്ടാ ഭീമും ടോം ആൻഡ്‌ ജെറിയും ഡോറോ ബുജിയുമൊക്കെയാണ്.

വെക്കേഷൻ തീരും മുന്നേ ചാലോട് ഗോവിന്ദാംവയൽ മഹാവിഷ്ണു ക്ഷേത്രത്തിൽ വരച്ചുകൊണ്ടിരിക്കുന്ന ചിത്രം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. റിസോഴ്സ് പേഴ്സണായി ചെന്ന് ക്യാമ്പുകളിൽ ക്ലാസെടുക്കാനും മൻമേഘ് മുന്നിലുണ്ട്. ചിത്രരചനയിൽ മാത്രമല്ല പഠനത്തിലും തന്റേതായ രീതി കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത ഡിനോസർ വിഭാഗങ്ങളെക്കുറിച്ച് സ്വയം പഠനം നടത്തുകയും പി.പി.ടി. പ്രസന്റേഷനിലൂടെ താൻ നേടിയ അറിവുകൾ മറ്റ് കുട്ടികൾക്കായി പങ്കിടുകയും ചെയ്യാറുണ്ട്.

വിവിധ സ്കൂളുകളിൽ സഞ്ചരിച്ച് ക്ലാസുകളെടുത്ത് ഡിനോസർ ശില്പശാല നടത്തുകയും ചെയ്തു. 500-ലധികം ഡിനോസറുകളുടെ ചിത്രം ഇതിനകം വരച്ചിട്ടുണ്ട്. അവയുടെ ഫിസിയോളജിക്കൽ, അനാട്ടമിക്കൽ സവിശേഷതയും വിശദീകരിക്കും. പത്തോളം ഡിനോസർ ശില്പങ്ങളും നിർമിച്ചു.

2022 ജനുവരിയിൽ കേരളത്തിൽ ആദ്യമായി ഡിനോസർ ചിത്രകല ശില്പകല എക്സിബിഷൻ നടത്തി. ചെണ്ടയിലും തന്റെ കഴിവ് പ്രകടിപ്പിക്കാൻ ചെറുതാഴം ചന്ദ്രൻ മാരാരുടെയും ബാബു മാരാരുടെയും കീഴിൽ തായമ്പക പരിശീലനവും നടത്തിവരികയാണ്..

പതിനാറ്‌ അതുരശ്രയടിയിൽ പ്രകൃതിദത്ത നിറംകൊണ്ട് ഡിനോസറിന്റെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി. 2022-ൽ രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ് ലഭിച്ചു.

2022-23 വർഷം ചെണ്ട പരിശീലനത്തിന് കേരള ഫോക്‌ലോർ അക്കാദമി സ്റ്റൈപ്പന്റ് ലഭിച്ചിട്ടുണ്ട്. 2002-ൽ മലർവാടി മഴവില്ല് സംസ്ഥാന തല ബാലചിത്ര രചനാ മത്സരത്തിൽ മികച്ച ചിത്രമായി മൻമേഘിന്റെ ചിത്രങ്ങൾ തിരഞ്ഞെടുത്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!