അമ്മ കാണാതെ റെയില്‍പ്പാളത്തിലിറങ്ങി; രണ്ട് വയസ്സുകാരി തീവണ്ടി തട്ടി മരിച്ചു

ഭക്ഷണമെടുക്കാനായി വീട്ടിനുള്ളിലേക്കുപോയ അമ്മയുടെ കണ്ണുവെട്ടിച്ച് റെയിൽപ്പാളത്തിലിറങ്ങിയ രണ്ട് വയസ്സുകാരി തീവണ്ടിതട്ടി മരിച്ചു. വർക്കല ഇടവ കാപ്പിൽ കണ്ണംമൂട് എ.കെ.ജി. ഭവനിൽ അബ്ദുൽ അസീസിന്റെയും ഇസൂസിയുടെയും മകൾ സുഹ്‌റിൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനു മുന്നിലെ റെയിൽപ്പാളത്തിന് സമീപമാണ് കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടത്.
മറ്റു കുട്ടികൾക്കൊപ്പം വീടിന്റെ സിറ്റൗട്ടിൽ മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സുഹ്‌റിൻ. കുഞ്ഞിന് ഭക്ഷണമെടുക്കാനായി ഇസൂസി അടുക്കളയിലേക്ക് പോയപ്പോൾ മറ്റു കുട്ടികളും അകത്തേക്കുപോയി. ഈ സമയം സുഹ്‌റിൻ ഗേറ്റ് കടന്ന് ട്രാക്കിന് സമീപത്തേക്ക് പോയതാകാമെന്ന് കരുതുന്നു. ആദ്യത്തെ പാളം കടന്ന് രണ്ടാമത്തെ പാളത്തിൽ വെച്ചാണ് അപകടമുണ്ടായിട്ടുള്ളതെന്ന് സംശയിക്കുന്നു. വഴിയാത്രക്കാരാണ് പാളത്തിന് പുറത്തെ താഴ്ചയിൽ ചോരയൊലിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. സഹോദരങ്ങൾ: സിയ, സാക്കിഫ്.