ഹെൽത്ത് കാർഡ് കർശനമാക്കി, സ്റ്റിക്കറില്ലാത്ത പാഴ്സൽ പാടില്ല; പരിശോധന ആരംഭിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Share our post

തിരുവനന്തപുരം: കേരളത്തിൽ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇതിനായി പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിര്‍ദേശവും നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 606 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അതില്‍ 101 സ്ഥാപനങ്ങളില്‍ പോരായ്മകള്‍ കണ്ടെത്തി. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരേയും പാഴ്‌സലില്‍ മുന്നറിയപ്പോടു കൂടിയ സ്റ്റിക്കര്‍ പതിക്കാത്തവര്‍ക്കെതിരേയും നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ഗുണനിലവാരമുള്ള ഭക്ഷണം, ശുചിത്വമുള്ള ഭക്ഷണശാലകളും ഉറപ്പുവരുത്താനാണ് ഹെൽത്ത് കാ‍ർഡ് നിർബന്ധമാക്കിയത്. ഹോട്ടലുകളും, റെസ്റ്റോറന്‍റുകളും തുടങ്ങി എല്ലാ ഭക്ഷണ ശാലകളും ഹെൽത്ത് കാർഡ് ഉറപ്പാക്കാൻ സർക്കാർ നേരത്തെ സമയം നല്‍കിയിരുന്നു.

രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന് പരിശോധിക്കണം. വാക്‌സിനുകൾ എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കും. പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിന് രക്തപരിശോധന അടക്കം പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!