വാഴക്കർഷകരെ ആശങ്കയിലാക്കി നേന്ത്രക്കായക്ക് കുമിൾരോഗം

Share our post

ഇരിട്ടി : കലാവസ്ഥാവ്യതിയാനം നേന്ത്രക്കായക്കുണ്ടാക്കിയ പ്രത്യേക കുമിൾരോഗം വാഴക്കർഷകരെ ആശങ്കയിലാക്കുന്നു. മികച്ച വില ലഭിക്കേണ്ട സമയത്താണ് നേന്ത്രക്കായയുടെ വില ക്രമാതീതമായി താഴുന്നത്. കിലോയ്ക്ക് 55 രൂപവരെ ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 40 രൂപയാണ് വില. കായയുടെ അറ്റം ഉണങ്ങി കരിഞ്ഞുപോകുന്ന രോഗമാണ് ഇപ്പോൾ വ്യാപകമായി കാണുന്നത്.

ഇത്തരം രോഗം ബാധിച്ച കായ കറുത്ത് എളുപ്പം നശിച്ചുപോകുന്നു. രുചിവ്യത്യാസവും അനുഭവപ്പെടുന്നതിനാൽ ഇത്തരം കുലകൾ വിപണനകേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുകയാണ്. രോഗം ബാധിച്ച തോട്ടങ്ങളിൽ പലതിലും മൂപ്പെത്തുന്നതിന് മുന്നേ കായകൾ പഴുത്തുതുടങ്ങുകയാണ്.

വി.എഫ്.സി.കെ. പ്രതിസന്ധിയിൽ

കർഷകരിൽനിന്ന്‌ പഴങ്ങളും പച്ചക്കറികളും സംഭരിച്ച് മൊത്തവില്പന നടത്തുന്ന വി.എഫ്.പി.സി.കെ. സംഘങ്ങളെയാണ് പുതിയ സാഹചര്യം പ്രതികൂലമായി ബാധിക്കുന്നത്. മുൻകാലങ്ങളിൽ വേനൽക്കാലത്ത് കുമിൾരോഗം ഉണ്ടാകാറുണ്ടെങ്കിലും തോട്ടങ്ങളെ മൊത്തത്തിൽ ബാധിക്കാറുണ്ടായിരുന്നില്ല.

കുമിൾരോഗം ബാധിച്ച കുലകൾ വി.എഫ്‌.സി.കളിലെത്തുമ്പോൾ സംഭരിക്കാതിരിക്കാനാവില്ല. മൊത്തവ്യാപാരികൾ ഏറ്റെടുക്കാൻ തയ്യാറാകാതെ വരുന്നതിനാൽ കുലകൾ കെട്ടിക്കിടക്കുകയാണെന്ന് നടുവനാട്ടെ സ്വാശ്രയ കർഷകസംഘം പ്രസിഡന്റ് പി. മോഹനൻ പറഞ്ഞു.

മുൻകാലങ്ങളിൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ഹോർട്ടികോർപ്പ് സഹായത്തിനെത്തുമായിരുന്നു. ഹോർട്ടികോർപ്പിന്റെ പ്രവർത്തനം പരിമിതപ്പെട്ടതോടെ വിറ്റഴിക്കൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

കർഷകന് വൻ നഷ്ടം

നേന്ത്രക്കായയുടെ വില 55-ൽനിന്ന്‌ 40-ലേക്ക് താഴ്ന്നതോടെ കർഷകന് വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിലയിലെ കുറവിനൊപ്പം കുമിൾരോഗവും ശക്തിപ്പെട്ടതോടെ വർഷങ്ങളായി വാഴക്കൃഷിയെ ആശ്രയിച്ച് ഉപജീവനം നേടിയവർ പ്രതിസന്ധിയിലായിരിക്കുകയാണ്. വേനൽക്കാലത്ത് വിദൂരസ്ഥലങ്ങളിൽനിന്ന്‌ വെള്ളം പമ്പുചെയ്ത് കൃഷിചെയ്തവരാണ് 90 ശതമാനത്തിലധികം പേരും.

അയൽസംസ്ഥാനങ്ങളിൽനിന്ന്‌ വൻതോതിൽ കുലകൾ എത്തുന്നതും ഡിമാൻഡ്‌ കുറയ്ക്കുകയാണ്. രോഗം ബാധിച്ചതോടെ ഉത്പാദനത്തിലും വലിയ വ്യത്യാസമുണ്ടായതായി വാഴക്കർഷകനായ വെളിയമ്പ്രയിലെ പി. മൂസ പറഞ്ഞു.

സിഗർ എൻഡ് റോട്ട് എന്ന കുമിൾരോഗമാണിതെന്നും ഇതിനെ പ്രതിരോധിക്കാൻ മാങ്കോസെബ് മൂന്ന് ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ കാർബന്റാസിം ഒരുലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കുകയുമാണ് വേണ്ടതെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!