45 പവനും ലക്ഷങ്ങളും, കൂട്ടത്തില്‍ ഹോങ്കോങ് ഡോളറും; കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയില്‍

തിരുവനന്തപുരം: വലിയശാലയിലും പട്ടത്തും വീടുകൾ കുത്തിത്തുറന്ന് 45.5 പവൻ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവർന്ന കേസിലെ മോഷ്ടാവ് പിടിയിൽ. തമ്പാനൂർ രാജാജിനഗർ സ്വദേശി കള്ളൻ കുമാർ എന്ന അനിൽകുമാറി(36)നെയാണ് പോലീസ് പിടികൂടിയത്.
വിളപ്പിൽശാല പുന്നശ്ശേരിയിലെ വാടകവീട്ടിൽ നിന്നാണ് പിടികൂടിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 20-ലേറെ മോഷണക്കേസുകളിൽ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു.
ആരോഗ്യവകുപ്പിൽനിന്നു വിരമിച്ച ദമ്പതിമാരുടെ പട്ടത്തെ വീട്ടിൽനിന്ന് 45.5 പവൻ സ്വർണാഭരണങ്ങളും 1.80 ലക്ഷം രൂപയുമാണ് ഇയാൾ കവർന്നത്. വലിയശാല സ്വദേശി ബീനയുടെ വീട്ടിൽനിന്ന് അൻപതിനായിരം രൂപ മൂല്യമുള്ള ഹോങ്കോങ് ഡോളറുകളും 30000 രൂപയും മോഷ്ടിച്ചു.
മോഷണങ്ങളെത്തുടർന്ന് വിളപ്പിൽശാലയിൽ വാടകയ്ക്കു വീടെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഈ വീട്ടിൽനിന്ന് പോലീസ് മുഴുവൻ സ്വർണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ദമ്പതിമാരുടെ വീട്ടിൽ ഇയാൾ കവർച്ച നടത്തിയത്. ഗേറ്റ് താഴിട്ട് പൂട്ടിക്കിടക്കുന്ന വീടുകൾ നിരീക്ഷിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പട്ടത്തെ വീട് പൂട്ടി ദമ്പതിമാർ ബന്ധുവീട്ടിൽ പോയപ്പോഴായിരുന്നു മോഷണം. മതിൽ ചാടിക്കടന്ന മോഷ്ടാവ് അടുക്കളഭാഗത്തെ വാതിൽ തകർത്താണ് വീട്ടിൽ പ്രവേശിച്ചത്.
വീട് മുഴുവൻ അരിച്ചുപെറുക്കിയ മോഷ്ടാവ് ഒന്നാംനിലയിലെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കുകയായിരുന്നു.
18-ന് രാത്രിയായിരുന്നു വലിയശാലയിലെ ബീനയുടെ വീട്ടിൽ മോഷണം നടത്തിയത്. പൂട്ടിക്കിടന്ന ഈ വീടിന്റെയും വാതിൽ കുത്തിത്തുറന്നാണ് അകത്തുകടന്നത്.
ഡോളറിനും പണത്തിനും പുറമേ വിദേശത്തുനിന്നു കൊണ്ടുവന്ന വിലപിടിപ്പുള്ള പുരാവസ്തുക്കളും ഈ വീട്ടിൽനിന്നു മോഷ്ടിച്ചു. ഇവിടത്തെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. സി.സി.ടി.വി. ക്യാമറകൾ ഇയാൾ തിരിച്ചുവയ്ക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
തമ്പാനൂർ സി.ഐ. ആർ.പ്രകാശ്, മെഡിക്കൽ കോളേജ് സി.ഐ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി. അടുത്ത ദിവസം പ്രതിയുമായി മോഷണസ്ഥലങ്ങളിലെത്തും.