അവധിക്കാല ക്ലാസ് തടഞ്ഞ ഉത്തരവിനുള്ള സ്റ്റേ നീട്ടിയില്ല

കൊച്ചി: സ്കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു പറഞ്ഞ ഹൈക്കോടതി സര്‍ക്കുലറിനുള്ള സ്റ്റേ നീട്ടാന്‍ വിസമ്മതിച്ചു.
വിഷയത്തില്‍ മറ്റൊരു ബെഞ്ച് നേരത്തെ വിരുദ്ധ നിലപാട് എടുത്ത സാഹചര്യത്തില്‍ ഹര്‍ജി ഡിവിഷന് ബെഞ്ചിനു വിടാനും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് നിര്‍ദേശിച്ചു.
കഠിനമായ അധ്യയന വര്‍ഷത്തിനൊടുവില്‍ ഇടവേള കുട്ടികള്‍ക്ക് അനിവാര്യമാണ്. കുട്ടികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കുന്നതാണ് അവധിക്കാലം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവിടാന്‍ അവര്‍ക്ക് അവധി ആവശ്യമാണ്.
പത്താം ക്ലാസിലേക്കും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കുമുള്ള കുട്ടികള്‍ക്ക് നിര്‍ണായകമായ അധ്യയന വര്‍ഷത്തേക്ക് കടക്കുന്നതിനു മുമ്പ് ഒരു ഇടവേള വേണം. ആ നിലയ്ക്ക് സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കാലഘട്ടത്തിന്റെ ആവശ്യമാണ് ഉത്തരവില്‍ പറയുന്നു.
അവധിക്കാല ക്ലാസ് നിരോധിച്ച സര്‍ക്കുലറിനെതിരെ കേരള സി.ബി.എസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് നല്കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.