സെക്‌സ് ചാറ്റ് പുറത്തുവിടുമെന്ന് ഭീഷണി, മര്‍ദിച്ച് പണം കൈക്കലാക്കി; യുവതിയും സുഹൃത്തും പിടിയില്‍

Share our post

കൊച്ചി: ഹണി ട്രാപ്പിൽ പെടുത്തി പണം കവർന്ന കേസിൽ യുവതിയെയും സുഹൃത്തിനെയും എറണാകുളം ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് ഫറോക്ക് തെക്കേപുരയ്ക്കൽ ശരണ്യ (20), മലപ്പുറം ചെറുവായൂർ എടവന്നപ്പാറയിൽ എടശേരിപ്പറമ്പിൽ അർജുൻ (22) എന്നിവരെയാണ്‌ എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്‌. അടിമാലി സ്വദേശിയായ യുവാവിൽനിന്നാണ്‌ പണം തട്ടിയത്‌.

അടിമാലി സ്വദേശിയായ യുവാവും ശരണ്യയും രണ്ടാഴ്ച മുൻപ്‌ ഇൻസ്റ്റഗ്രാം വഴിയാണ്‌ പരിചയപ്പെട്ടത്‌. ഇരുവരും സെക്സ് ചാറ്റുകൾ നടത്തിയിരുന്നു. പിന്നീടിത് പുറത്തുവിടുമെന്നു പറഞ്ഞ്‌ ശരണ്യ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

ശരണ്യ ആവശ്യപ്പെട്ടപ്രകാരം എറണാകുളം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലുപേർ ആക്രമിച്ച്‌ പണവും എ.ടി.എം. കാർഡും തട്ടിയെടുത്തു. ഹെൽമെറ്റുകൊണ്ട്‌ മർദിച്ച് പിൻനമ്പർ വാങ്ങി സമീപത്തെ എ.ടി.എമ്മിൽനിന്ന്‌ 4500 രൂപയും പിൻവലിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും അർജുൻ യുവാവിനെ ഫോണിൽ വിളിച്ച്‌ ഭീഷണിപ്പെടുത്തി 2000 രൂപ യു.പി.ഐ. ട്രാൻസാക്ഷൻ വഴി വാങ്ങി. അന്നുതന്നെ യുവാവിനെ പത്മ ജങ്ഷനിൽ വിളിച്ചുവരുത്തി 15,000 രൂപയുടെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി.

തിങ്കളാഴ്ച വീണ്ടും വിളിച്ചുവരുത്തി പണം വാങ്ങി. 22-ന് വീണ്ടും പത്മ ജങ്ഷനിൽ വിളിച്ചുവരുത്തി ചാറ്റുകൾ പരസ്യപ്പെടുത്തും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. 23-ന് 25,000 രൂപ നൽകണമെന്ന്‌ ഭീഷണിപ്പെടുത്തിയതോടെയാണ്‌ യുവാവ് പോലീസിൽ പരാതി നൽകിയത്‌.

എറണാകുളം സൗത്ത് പോലീസ്‌ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!