മണ്ണാര്‍ക്കാട് : സംസ്ഥാനസര്‍ക്കാര്‍ അദാലത്തിനിടെ കൈക്കൂലി വാങ്ങവേ അറസ്റ്റിലായ വില്ലേജ് ഉദ്യോഗസ്ഥന്റെ വാടകമുറിയില്‍ നടത്തിയ റെയ്ഡില്‍ 17 കിലോ നാണയങ്ങളുള്‍പ്പെടെ ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. 35 ലക്ഷം രൂപ പണമായും 71 ലക്ഷം രൂപയുടെ വിവിധ നിക്ഷേപങ്ങള്‍ നടത്തിയതിന്റെ രേഖകളും പിടിച്ചെടുത്തു.
സംസ്ഥാന വിജിലന്‍സ് റെയ്ഡുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനധികൃതസമ്പാദ്യമാണ് ഇതെന്നാണ് കരുതുന്നത്. പിടിച്ചെടുത്ത പണം നോട്ടെണ്ണുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് രാത്രി വൈകി എണ്ണിത്തിട്ടപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ മണ്ണാര്‍ക്കാട്ട് നടന്ന സംസ്ഥാനസര്‍ക്കാരിന്റെ പരാതിപരിഹാര അദാലത്തിനിടെയാണ് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാര്‍ പിടിയിലാവുന്നത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 20 വര്‍ഷമായി ഇവിടെയാണ് ജോലി ചെയ്യുന്നത്.
കൈക്കൂലി പണവുമായി പിടിയിലായ സുരേഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താമസസ്ഥലത്തുനിന്നും അനധികൃതസമ്പാദ്യമെന്ന് സംശയിക്കുന്ന പണവും മറ്റു രേഖകളും കണ്ടെത്തിയത്.
മണ്ണാര്‍ക്കാട് നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്സിലെ വാടകമുറിയില്‍ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് വിജിലന്‍സ് സംഘം പരിശോധന ആരംഭിച്ചത്. മുറിയില്‍നിന്ന് 35 ലക്ഷം രൂപയുടെ കറന്‍സിയും 46 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രശീതിയും കണ്ടെത്തി.
25 ലക്ഷം രൂപയുടെ സേവിങ്സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്കും കണ്ടെടുത്തു. റെയ്ഡില്‍ പണവും നിക്ഷേപവുമടക്കം ആകെ 1.06 കോടി രൂപ കണ്ടെത്തിയെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി. ഷംസുദ്ദീന്‍ പറഞ്ഞു. വൈകീട്ട് ആരംഭിച്ച റെയ്ഡ് രാത്രി 8.30-നാണ് അവസാനിച്ചത്. തൊട്ടടുത്ത വ്യാപാരസ്ഥാപനത്തില്‍നിന്നെടുത്ത നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ പണം എണ്ണിത്തിട്ടപ്പെടുത്തിയത്.
ഇയാളുടെ തിരുവനന്തപുരം ചിറയിന്‍കീഴിലുള്ള വീട്ടിലും വിജിലന്‍സ് റെയ്ഡ് നടന്നുവരുന്നതായി അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത പണം സംബന്ധിച്ച് അടുത്തദിവസങ്ങളില്‍ വിശദമായ പരിശോധന നടത്തും.
പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഫിലിപ്പ്, ഫറോഖ്, എസ്.ഐ.മാരായ സുരേന്ദ്രന്‍, മനോജ്, പോലീസ് ഉദ്യോഗസ്ഥരായ മനോജ്, സതീഷ്, സനേഷ്, സന്തോഷ്, ബാലകൃഷ്ണന്‍, മനോജ്, ഉവൈസ്, മണ്ണാര്‍ക്കാട് സി.ഐ. ബോബിന്‍ മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അമ്പരന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും
മണ്ണാര്‍ക്കാട് : കൈക്കൂലിക്കേസില്‍ അറസ്റ്റിലായ സുരേഷ്‌കുമാറിന്റെ മുറിയില്‍നിന്ന് കണ്ടെത്തിയ പണവും നിക്ഷേപരേഖകളും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഞെട്ടിച്ചു. കഴിഞ്ഞ 20 വര്‍ഷത്തോളമായി മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായി സേവനം അനുഷ്ഠിച്ചയാളാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍. ന
ഗരമധ്യത്തിലെ മണ്ണാര്‍ക്കാട് വില്ലേജോഫീസിനടുത്തുള്ള ജി.ആര്‍. ഷോപ്പിംഗ് കോംപ്ലക്സിലെ മുകള്‍നിലയില്‍ ഒറ്റമുറിയിലാണ് കഴിഞ്ഞ 10 വര്‍ഷമായി ഇയാള്‍ താമസിക്കുന്നത്.
ആരോടും അടുപ്പം സൂക്ഷിക്കാത്ത പ്രകൃതമാണ്. മുറി വൃത്തിയാക്കുന്ന പതിവില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍പറയുന്നു. നേരത്തെ അട്ടപ്പാടി പാടവയല്‍ വില്ലേജിലാണ് ഇയാള്‍ ജോലിചെയ്തിരുന്നത്.
2009 മുതല്‍ 2022 വരെ മണ്ണാര്‍ക്കാടായിരുന്നു പ്രവര്‍ത്തനമേഖല. തുടര്‍ന്ന് പാലക്കയം വില്ലേജിലായിരുന്നു ജോലി. റെയ്ഡ് വിവരമറിഞ്ഞ് കോംപ്ലക്സിന് താഴെ വന്‍ ജനക്കൂട്ടമെത്തി.
അദാലത്തിനിടെ കൈക്കൂലി
സംസ്ഥാന സര്‍ക്കാരിന്റെ പരാതിപരിഹാര അദാലത്ത് നടക്കുന്നടിത്ത് കൈക്കൂലി വാങ്ങിയ വില്ലേജ് ഉദ്യോഗസ്ഥനെ വിജിലന്‍സ് നാടകീയമായി അറസ്റ്റ് ചെയ്തു.
പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറാണ് അറസ്റ്റിലായത്. മഞ്ചേരി സ്വദേശി വിപിന്‍ ബാബുവില്‍ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ചൊവ്വാഴ്ച 10.30നാണ് സംഭവം.
മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ എം.ഇ.എസ് കോളേജില്‍ നടന്ന റവന്യൂ അദാലത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍. പരാതിക്കാരനില്‍ നിന്ന് മുമ്പ് രണ്ടുതവണ ഈ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാലക്കായം വില്ലേജ് പരിധിയിലുള്ള 45 ഏക്കര്‍ സ്ഥലത്തിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ദിവസങ്ങള്‍ക്ക് മുമ്പ് പരാതിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റിനായി ചെന്നപ്പോള്‍ സുരേഷ്‌കുമാറിനെ ബന്ധപ്പെടാന്‍ പറഞ്ഞു.
ഫോണില്‍ വിളിച്ചപ്പോള്‍ 2500 രൂപ വേണമെന്നും റവന്യൂതല അദാലത്ത് നടക്കുന്ന കോളേജിലികേക് വരാനും ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരന്‍ പാലക്കാട് വിജിലന്‍സിനെ വിവരം അറിയിച്ചു. സുരേഷ്‌കുമാറിന്റെ കാറില്‍വെച്ച് തുക വാങ്ങുന്നതിനിടെയാണ് പിടികൂടിയത്.
സുരേഷ് കുമാറിന്റെ വാടകമുറിയില്‍ നടത്തിയ റെയ്ഡില്‍ 17 കിലോ നാണയങ്ങളുള്‍പ്പടെ ഒരു കോടി ആറുലക്ഷം രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി.
35 ലക്ഷം രൂപ പണമായും 71 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയതിന്റെ രേഖകളും പിടിച്ചെടുത്തതായി വിജിലന്‍സ് പറഞ്ഞു. പിടിച്ചെടുത്ത പണം നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണിത്തിട്ടപ്പെടുത്തിയത്.
തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍ 20 വര്‍ഷമായി ഇവിടെയാണ് ജോലിയെടുക്കുന്നത്. തിരുവനന്തപുരം ഊരൂട്ടമ്പലത്തെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. പണമോ രേഖകളോ ലഭിച്ചില്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.