വീട്ടിലെത്തിക്കും വിഭവസമൃദ്ധമായ ഊൺ

തലശേരി : മീൻ അച്ചാർ, ഉപ്പേരി, ചമ്മന്തി, മീൻ കറി, സാമ്പാർ, കൊണ്ടാട്ടം, ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ, ഓംലറ്റ്… ഒരു ഊണ് കഴിക്കാൻ ‘തലശേരി ടച്ചിങ്‌സിൽ’ ഇത്രയും വിഭവങ്ങളുണ്ട്. വെജിറ്റേറിയനാണെങ്കിൽ സാമ്പാറിനൊപ്പം തക്കാളിക്കറി, പച്ചടി, കൂട്ടുകറി, പപ്പടം എന്നിവയാകും. പേടിക്കേണ്ട, ബജറ്റ് തെറ്റില്ല, ഒരു പൊതിച്ചോറിന് നൂറ് രൂപയേയുള്ളൂ. വെജിറ്റേറിയന് 80 രൂപയും. രുചിയും വിലയുംകൊണ്ട് കഴിക്കുന്നവരുടെ വയറും മനസും നിറയ്‌ക്കുകയാണ് ‘തലശേരി ടച്ചിങ്സ്’.
തലശേരി പാറാലിലെ രമ്യയുടെ വീട്ടിലെ ‘തലശേരി ടച്ചിങ്സ്’ അടുക്കളയിലാണ് നൂറ് രൂപയ്ക്ക് വിഭവസമൃദ്ധമായ ഊൺ തയ്യാറാക്കുന്നത്. നല്ല ഭക്ഷണം ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആറ് മാസംമുമ്പാണ് ‘ ഉച്ചയൂൺ സംരംഭം തുടങ്ങിയത്. തിങ്കൾ, ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളായാൽ പുലർച്ചെ നാലുമുതൽ പാചകപ്പുരയിൽ തിരക്ക് തുടങ്ങും. സമയം പത്താകുമ്പോഴേക്കും വിഭവങ്ങളെല്ലാം തയ്യാർ. വാട്ടിയ വാഴയിലയിൽ ചോറും കൂട്ടങ്ങളും
കൂട്ടങ്ങളും പൊതിഞ്ഞ് സ്കൂട്ടറിൽ രമ്യതന്നെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കും. സഹായത്തിന് അമ്മയും ഭർത്താവ് സത്യനുമുണ്ടാകും. ഞായറാഴ്‌ചകളിലാണെങ്കിൽ സഹോദരനും അടുത്ത ബന്ധുവും ഡെലിവറിക്ക് സഹായിക്കും.
പത്ത് കിലോമീറ്ററിനകത്തുള്ള വീടുകൾ, ആശുപത്രി, ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് ഭക്ഷണം എത്തിക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന്റെ തലേദിവസങ്ങളിലാണ് ഓർഡറുകൾ എടുക്കുക. നവമാധ്യമങ്ങളും മറ്റുംവഴിയാണ് പ്രചാരണം. ദിവസം പരമാവധി 200 ഓർഡർ മാത്രമാണ് എടുക്കുക. കറിക്കൂട്ടുകളിൽ ഇടുന്ന മസാലപ്പൊടികളെല്ലാം വീട്ടിൽതന്നെ നാടൻ രീതിയിൽ തയ്യാറാക്കി എടുക്കുന്നതാണെന്ന് രമ്യ പറയുന്നു. സമാന്തരമായി അച്ചാർ നിർമാണം നടക്കുന്നതിനാൽ ദിവസവും ഭക്ഷണവിതരണം അസാധ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
രമ്യ ഉണ്ടാക്കുന്ന ചെമ്മീൻ, കല്ലുമ്മക്കായ, അയക്കൂറ, ഈത്തപ്പഴം, ബീറ്റ്‌റൂട്ട്, ഉണക്ക മാങ്ങ അച്ചാറുകൾക്ക് ആവശ്യക്കാർ ഏറെ. നൂറോളം വീടുകളിൽ ഭക്ഷണം എത്തിക്കുമ്പോൾ ഒരുപാട് സന്തോഷവും സംതൃപ്തിയുമുണ്ട്. ഓർഡർ കൂടുതൽ കിട്ടിയാൽ ദൂരം നോക്കാതെ എത്തിച്ചു കൊടുക്കാനും രമ്യ തയ്യാറാണ്. 96059 78441 നമ്പറിൽ വിളിച്ചാൽ നാടൻ ഊൺ വീട്ടിലെത്തും.