50-ാം വിവാഹവാര്‍ഷികം; ഏഴ് കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി ഭൂമിനല്‍കി ദമ്പതിമാര്‍

Share our post

കൂത്താട്ടുകളം: ദാമ്പത്യജീവിതത്തിന്റെ സുവര്‍ണജൂബിലി വേളയില്‍ ഏഴ് കുടുബങ്ങള്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി സ്ഥലം നല്‍കി ആഘോഷം കാരുണ്യവഴിയിലൂടെ ആഹ്ലാദകരമാക്കുകയാണ് ഇലഞ്ഞി വെള്ളമാത്തടത്തില്‍ ലൂക്കോസ്-സെലിന്‍ ദമ്പതികള്‍.

എഴുപത്തിയൊന്നിലെത്തിയ വി.ജെ. ലൂക്കോസും അറുപത്തിയാറുകാരി സെലിന്‍ ലൂക്കോസും 2023 ജനുവരി 15-ന് ആണ് വിവാഹ ജീവിതത്തിന്റെ അന്‍പതാം വര്‍ഷത്തിലേക്ക് കടന്നത്. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവരെ കണ്ടെത്തി അര്‍ഹരായവര്‍ക്ക് കരുതല്‍ നല്‍കുന്ന പദ്ധതി നടപ്പാക്കണമെന്ന് ലൂക്കോസും സെലിനും തീരുമാനമെടുത്തു.

മക്കളായ വി.എല്‍. ജോസഫ് (ഓസ്‌ട്രേലിയ), ജിജി ജോസഫ് (അധ്യാപിക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുതലക്കോടം), മരുമക്കളായ ജോസഫ് മാത്യു നീരോലിക്കല്‍ (പൊതുമരാമത്ത് വിഭാഗം എന്‍ജിനീയര്‍), സിമി ജോസ് പൊന്‍കുന്നം (ഓസ്‌ടേലിയ) എന്നിവരും ലൂക്കോസിന്റെയും സെലിന്റെയും ആഗ്രഹത്തിന് പിന്തുണയേകി.

കൂത്താട്ടുകുളം, പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി, വെളിയന്നൂര്‍, ഇടുക്കി പ്രദേശങ്ങളില്‍നിന്നായി അന്‍പതിലധികം അപേക്ഷകള്‍ ലഭിച്ചു. ഏഴ് കുടുംബങ്ങളെ തിരഞ്ഞെടുത്തു. സ്വന്തമായി സ്ഥലവും വീടുമില്ലാത്തവര്‍, കുടുംബമായി കഴിയുന്നവര്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുത്തത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് 18 കുടുംബങ്ങള്‍ക്ക് വീടുവെയ്ക്കാന്‍ കൂത്താട്ടുകുളം നഗരസഭയിലെ സൗത്ത് ചോരക്കുഴി ഭാഗത്ത് ലൂക്കോസ് സൗജന്യമായി സ്ഥലം നല്‍കിയിരുന്നു. ലൂക്കോസിന്റെ മാതാവ് ഏലിയാമ്മ ജോസഫിന്റെ സ്മരണയ്ക്കാണ് പദ്ധതി നടപ്പാക്കിയത്. ഇതിനോട് ചേര്‍ന്ന് എം.സി. റോഡില്‍നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള 24 സെന്റ് ഭൂമിയാണ് പുതിയതായി ഏഴ് കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കുന്നത്. ബാക്കിയുള്ള മൂന്ന് സെന്റ് പൊതു ഉപയോഗത്തിനായി മാറ്റിയിട്ടിരിക്കുകയാണ്.

മാതൃകാ കര്‍ഷക ദമ്പതികള്‍ കൂടിയാണ് ലൂക്കോസും സെലിനും. ഇലഞ്ഞി റബ്ബര്‍ ഉത്പാദക സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ് ലൂക്കോസ്. ബുധനാഴ്ച രാവിലെ 10.30-ന് കൂത്താട്ടുകുളത്ത് എസ്.എന്‍.ഡി.പി. ഹാളില്‍ ചേരുന്ന ചടങ്ങില്‍ വി.ജെ. ലൂക്കോസ്-സെലിന്‍ ദമ്പതികള്‍ വസ്തുവിന്റെ ആധാരങ്ങള്‍ ഏഴ് കുടുംബങ്ങള്‍ക്ക് കൈമാറും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!