16 മണിക്കൂറിനകം ഇനി കേരളത്തിൽ എവിടെയും കൊറിയർ

തിരുവനന്തപുരം : കേരളത്തിൽ എവിടെയും 16 മണിക്കൂറിനകം കൊറിയർ എത്തിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. കഴിഞ്ഞയാഴ്ച നടത്തിയ പരീക്ഷണ സർവീസിലാണ് സമയലാഭം കണ്ടെത്തിയത്. മുമ്പ് 24 മണിക്കൂറാണ് നിശ്‌ചയിച്ചിരുന്നത്. കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സിന്റെ പേരിൽ ജൂൺ രണ്ടാംവാരം 55 ഡിപ്പോയിൽ സർവീസ് തുടങ്ങും. ആദ്യഘട്ടത്തിൽ ഡിപ്പോയിൽനിന്ന് ഡിപ്പോയിലേക്കാണ് സാധനങ്ങളും കവറുകളും എത്തിക്കുക. ലോഗോയും സോഫ്‌റ്റ്‌വെയറും തയ്യാറാക്കി. ബംഗളൂരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ എന്നിവിടങ്ങളിലേക്കും സർവീസ് ഉണ്ടാകും. ഡിപ്പോകളിൽ ഇതിനായി ഫ്രണ്ട് ഓഫീസ് തുറക്കും. അയക്കുന്നയാൾ തിരിച്ചറിയൽ രേഖ കരുതണം. സാധനങ്ങൾ പാക്ക് ചെയ്‌ത് എത്തിക്കണം. അയക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും മൊബൈൽ ഫോണിൽ എസ്.എം.എസ് ലഭിക്കും. സാധനങ്ങൾ മൂന്നുദിവസത്തിനകം സ്വീകരിക്കണം.