ഫിനാന്‍ഷ്യല്‍ പ്ലാനിങ്: അതിവേഗം വളരുന്ന തൊഴില്‍മേഖല, അവസരങ്ങളേറെ

ലോകത്തുതന്നെ അതിവേഗം വളരുന്ന ഒരു തൊഴില്‍മേഖലയാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്. പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉപദേശിക്കുകയാണ് ഫിനാന്‍ഷ്യല്‍ പ്ലാനറുടെ ജോലി.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായം ആവശ്യമായി വരാം. മ്യൂച്വല്‍ ഫണ്ട്‌സ്, വാണിജ്യ ബാങ്കുകള്‍, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍, ടാക്‌സ് കണ്‍സള്‍ട്ടന്‍സി, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയാണ് സാമ്പത്തിക ആസൂത്രകര്‍ക്ക് പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍.
ഈ പ്രൊഫഷനില്‍ ശോഭിക്കുന്നതിന് ഏതെങ്കിലും പ്രത്യേക യോഗ്യതകള്‍ നിര്‍ബന്ധമല്ല. പ്രൊഫഷണല്‍ യോഗ്യതയ്ക്ക് പുറമേ വ്യക്തിഗതമികവാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങില്‍ വിജയം നിര്‍ണയിക്കുന്ന ഘടകം.
അതേസമയം കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്, ബിസിനസ് തുടങ്ങിയവയില്‍ വിദ്യാഭ്യാസം നേടുന്നത് ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങില്‍ കരിയര്‍ വളര്‍ത്തിയെടുക്കാന്‍ സഹായകമാകും.
ഒട്ടുമിക്ക സര്‍വകലാശാലകളും ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനോടെ എം.ബി.എ., പോസ്റ്റ് ഗ്രാജുവേറ്റ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്, പോസ്റ്റ് ഗ്രാജുവേറ്റ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്ലോമ കോഴ്‌സ് തുടങ്ങിയവ നടത്തുന്നുണ്ട്.
ഫിനാന്‍ഷ്യല്‍ പ്ലാനിങ് സ്റ്റാന്‍ഡേഡ്സ് ബോര്‍ഡ്-ഇന്ത്യ, സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ കോഴ്സ് നടത്തുന്നുണ്ട് (വെബ്‌സൈറ്റ്: www.india.fpsb.org). ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങില്‍ പി.ജി. ഡിപ്ലോമ കോഴ്സ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ന്യൂഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ കോളേജ് ഓഫ് ഫിനാന്‍ഷ്യല്‍ പ്ലാനിങ് തിരഞ്ഞെടുക്കാം
(വെബ്സൈറ്റ്: www.icofp.org)