രക്തസാക്ഷികളെ അപമാനിച്ചത് അംഗീകരിക്കില്ല; ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.ഐ

Share our post

തിരുവനന്തപുരം: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന പരാമര്‍ശത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മാപ്പു പറയണമെന്ന് ഡി.വൈ.എഫ്.ഐ. ബിഷപ്പിന്റ പ്രസ്താവന അനീതികള്‍ക്കെതിരെ ശബ്ദിച്ച ധീരരായ മനുഷ്യരെ അപമാനിക്കുന്നതാണെന്നും ഡി.വൈ.എഫ്.ഐ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

‘സാമൂഹ്യ അനീതികള്‍ക്കും അധികാരഗര്‍വിനും വര്‍ഗീയതയ്ക്കും അധിനിവേശത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി, അധികാരവര്‍ഗ്ഗത്താല്‍ കൊലചെയ്യപ്പെട്ടവരാണ് രക്തസാക്ഷികള്‍. ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെയും അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശത്തിനെതിരെയും പൊരുതിമരിച്ച ആയിരങ്ങള്‍ തലമുറകള്‍ക്ക് ആവേശമാണ്.

രക്തസാക്ഷിത്വം എന്നത് കേവലം വ്യക്തിയുടെ മരണമല്ല, ഉറച്ച രാഷ്ട്രീയവും നിശ്ചയദാര്‍ഢ്യവുമുള്ള മനുഷ്യരെപറ്റിയുള്ള ഓര്‍മ്മ കൂടിയാണ്. അനീതിയ്ക്കും അധര്‍മ്മത്തിനുമെതിരെ ശബ്ദിച്ചതിനാലാണ് ക്രിസ്തുവിനെ കുരിശിലേറ്റിയതെന്ന് ലോക വ്യാപകമായി വിശ്വസിക്കപ്പെടുന്നു. യേശു സമരം ചെയ്തത് യാഥാസ്ഥിതിക പുരോഹിത സമൂഹത്തിനെതിരായും റോമാ സാമ്രാജ്യത്വത്തിനെതിരെയുമായിരുന്നു. അതിന്റെ പരിണിത ഫലമാണ്, ആ നീതിമാന്റെ രക്തസാക്ഷിത്വം.’

‘ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോര്‍മുഖത്ത് രക്തസാക്ഷിത്വം വരിച്ച ഭഗത് സിംഗ് ഉള്‍പ്പെടുന്ന ആയിരക്കണക്കിന് ധീരരുണ്ട്. ആര്‍.എസ്.എസുകാരനായ ഗോഡ്സേയുടെ തോക്കിന്‍ കുഴലിന് മുന്നില്‍ ഹേ റാം വിളിച്ചു പിടഞ്ഞു വീണ മഹാത്മാഗാന്ധിയുടതും ധീരരക്തസാക്ഷിത്വമാണ് . രാജാധികാരത്തിനും ഇംഗ്ലീഷുകാരുടെ അധികാര ധാര്‍ഷ്ട്യത്തിനുമെതിരെ പുന്നപ്രയിലും വയലാറിലും പൊരുതി ജീവന്‍ വെടിഞ്ഞ മനുഷ്യരുണ്ട്.

വിദ്യാഭ്യാസകച്ചവടത്തിനെതിരായും തൊഴിലില്ലായ്മക്ക് എതിരെയും ന്യായമായ കൂലിക്ക് വേണ്ടിയും നടന്ന ഉജ്ജ്വല പോരാട്ടത്തില്‍ ജീവന്‍ പൊലിഞ്ഞവരുമുണ്ട്. സംഘപരിവാര്‍ തീവ്രവാദികള്‍ ചുട്ടു കൊന്ന ഗ്രഹാം സ്റ്റെയിന്‍സ് മുതല്‍ മോദി ഭരണകൂടം സമ്മാനിച്ച നിര്‍ബന്ധിത മരണം വരിക്കേണ്ടി വന്ന സ്റ്റാന്‍ സ്വാമിവരെയുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ വരെയുണ്ട്.’

‘കണ്ടവനോട് അനാവശ്യ കലഹത്തിന് പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികള്‍’ എന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന, അനീതികള്‍ക്കെതിരെ ശബ്ദിച്ച ധീരരായ മനുഷ്യരെ അപമാനിക്കുന്നതാണ്.

ബി.ജെ.പി കൂടാരത്തില്‍ അധികാരത്തിന്റെ അപ്പകഷ്ണവുമന്വേഷിച്ചു പോകുന്നവര്‍, മഹത്തായ രക്ഷസാക്ഷിത്വങ്ങളെ അപമാനിക്കുന്നത് പുരോഗമന സമൂഹം സഹിച്ചെന്നു വരില്ല. ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണം.’- വാര്‍ത്താക്കുറിപ്പില്‍ ഡി.വൈ.എഫ്‌.ഐ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!