കൊച്ചി: ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചന ഹര്‍ജി പരിഗണിക്കുന്നതിനിടെ കക്ഷികളിലൊരാള്‍ സമ്മതം പിന്‍വലിച്ചാല്‍ വിവാഹ മോചനം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഉഭയസമ്മത പ്രകാരമുള്ള ഹര്‍ജി ഭാര്യ സമ്മതമല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം കുടുംബക്കോടതി തള്ളിയതിനെതിരേ കായംകുളം സ്വദേശിയായ ഭര്‍ത്താവ് നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. 2019 ഒക്ടോബര്‍ 11നുണ്ടാക്കിയ ഉടമ്പടിയെത്തുടര്‍ന്നാണ് ഹര്‍ജിക്കാരനും ഭാര്യയും പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹര്‍ജി നല്‍കിയത്.
എന്നാല്‍ മകന്റെ ഭാവിയെയോര്‍ത്ത് വിവാഹമോചനമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ഭാര്യ 2021 ഏപ്രില്‍ 12ന് കോടതിയില്‍ പത്രിക നല്കി. തുടര്‍ന്നാണ് കുടുംബക്കോടതി ഹര്‍ജി തള്ളിയത്. ആദ്യം സമ്മതം തന്നശേഷം പിന്നീട് സമ്മതം പിന്‍വലിച്ചതിന്റെ പേരില്‍ ഹര്‍ജി തള്ളിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചന ഹര്‍ജികളില്‍ വിധി വരുന്നതുവരെ ഇരുകക്ഷികള്‍ക്കും വിവാഹമോചനത്തിന് സമ്മതമാണെന്ന കാര്യം കോടതി ഉറപ്പാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രണ്ടുകൂട്ടരുടെയും സമ്മതമില്ലെങ്കില്‍ ഉഭയ സമ്മതപ്രകാരം നല്കിയ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിക്കാന്‍ കോടതിക്ക് അധികാരമില്ല.
കക്ഷികളിലൊരാളുടെ മാത്രം സമ്മത പ്രകാരം വിവാഹമോചനം അനുവദിച്ചാല്‍ ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനമാണെന്ന് പറയാനാകില്ല. കക്ഷികള്‍ ഇരുവരും വിവാഹമോചനത്തിന് സമ്മതമാണെന്ന നിലപാടില്‍ തുടര്‍ന്നാല്‍ മാത്രമേ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 ബിയില്‍ പറയുന്ന ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചന ഹര്‍ജി പരിഗണിച്ച് തീര്‍പ്പാക്കാനാകൂ.
ഇത്തരം കേസുകളില്‍ വിധി പറയും മുമ്പ് ഇരുകക്ഷികള്‍ക്കും വേര്‍പിരിയാന്‍ സമ്മതമാണെന്ന് ഉറപ്പാക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്. ഭാര്യ സമ്മതം പിന്‍വലിച്ച സാഹചര്യത്തില്‍ ഹര്‍ജി തള്ളുകയാണ് കുടുംബക്കോടതിക്ക് മുന്നിലുള്ള ഏക പോംവഴിയെന്നും ഹൈക്കോടതി വിലയിരുത്തി.