എരുവട്ടി വയൽ വീണ്ടും കതിരണിയും

പിണറായി: കാല്‍നൂറ്റാണ്ടിലധികമായി പകുതിയിലേറെ തരിശിട്ട എരുവട്ടി വയൽ വീണ്ടും കതിരണിയും. നാടിന്റെ നെല്ലറയായി വിശേഷിപ്പിക്കപ്പെട്ട പാടശേഖരത്തെ കൃഷിക്കാര്‍ കൈയൊഴിഞ്ഞ സ്ഥിതിയിലായിരുന്നു. എരുവട്ടി പാടശേഖരത്തിന്റെയും വയൽപീടിക പാടശേഖരത്തിന്റെയും കീഴിൽ വരുന്ന ഈ 30 ഏക്കറിലാണ് കതിരൂർ സഹകരണ ബാങ്ക് നേതൃത്വത്തിൽ വീണ്ടും വിത്തെറിയുന്നത്.
പിണറായി പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള വയല്‍പ്രദേശം മണ്ണിട്ട് നികത്താനുള്ള ഭൂമാഫിയയുടെ ശ്രമത്തിനെതിരെ നടത്തുന്ന ചെറുത്തുനില്‍പ്പുകൂടിയാണിത്. നാട്ടുകാരും പാടശേഖരസമിതിയും കതിരൂർ ബാങ്കും ‘നെല്‍വയല്‍ സംരക്ഷിക്കൂ, ഭാവിതലമുറയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പുതിയ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്.
കതിരൂർ ബാങ്കും പാടശേഖരസമിതിയും ചേര്‍ന്നാണ് കൃഷിയിറക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ കൃഷിഭവൻ പരിധിയിൽ ജെസിബി ഉപയോഗിച്ച് കാട് വെട്ടിത്തെളിച്ച് ഭൂമി ഒരുക്കി. നിലം ഒരുക്കാന്‍ ലക്ഷങ്ങള്‍ ചിലവായി. പഞ്ചായത്തിലെ നെൽപ്പാടങ്ങളിൽ മുഴുവനും കൃഷി നടത്തുക എന്നതിന്റെ ഭാഗമായാണിത്.
നെൽകൃഷി വ്യാപനവുമായി ബന്ധപ്പെട്ട് പിണറായി പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി, അഗ്രോ സർവീസ് സെന്റർ, കാർഷിക കർമസേന അംഗങ്ങൾ, കർഷകർ തുടങ്ങിയവരുടെ യോഗവും ചേർന്നു. ട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കല്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്.
ജൂൺ ആദ്യം കൃഷിയിറക്കാനാണുദ്ദേശിക്കുന്നത്. പ്രവര്‍ത്തനം വിജയിപ്പിക്കാൻ എരുവട്ടി വയലിൽ കതിരൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തു. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ അനിത അധ്യക്ഷയായി ടി. സുധീർ, കുറ്റ്യൻ രാജൻ, കെ. സുരേഷ്, കെ. ജയദേവൻ, കെ. രാഘവൻ, ഹേമലത എന്നിവർ സംസാരിച്ചു. എം. വിജേഷ് ചെയർമാനും കെ. സുരേഷ് കൺവീനറുമായി എരുവട്ടി നെൽവയൽ സംരക്ഷണ സമിതി രൂപീകരിച്ചു.