കുടുംബശ്രീ നൽകും അരലക്ഷം പുസ്തകം  

Share our post

കണ്ണൂർ : ജില്ലയിലെ എല്ലാ വാർഡുകളിലും വായനശാലകൾ ആരംഭിക്കുകയെന്ന ലക്ഷ്യം ഏറ്റെടുത്ത്‌ പീപ്പിൾസ്‌ മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റ്‌ (പി.എം.എസ്.ഡി) നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കുടുംബശ്രീ 50,000 പുസ്തകങ്ങൾ നൽകും. 2024ഓടെ എല്ലാ വാർഡിലും വായനശാലയുള്ള ജില്ലയായി കണ്ണൂരിനെ മാറ്റുന്നതിന് തദ്ദേശസ്ഥാപനങ്ങൾ, ലൈബ്രറി കൗൺസിൽ, വിവിധ സാമൂഹ്യ– സാംസ്കാരിക സംഘടനകൾ എന്നിവയെല്ലാമായി ചേർന്നുള്ള സംഘടിത യജ്ഞത്തിനാണ്‌ പി.എം.എസ്‌.ഡി നേതൃത്വം നൽകുന്നത്‌. ജില്ലയിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളും ഈ യജ്ഞത്തിൽ സജീവമായി അണിനിരക്കുമെന്ന്‌ ജില്ലാ കോ -ഓർഡിനേറ്റർ ഡോ. എം. സുർജിത്ത് അറിയിച്ചു.

വായനയുടെയും വായനശാലകളുടെയും പ്രാധാന്യം വിളംബരം ചെയ്തുള്ള പ്രത്യേക പരിപാടികൾ കുടുംബശ്രീ നേതൃത്വത്തിൽ സംഘടിപ്പിക്കും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മിഷൻ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിനും കുടുംബശ്രീ പ്രാദേശികമായി പ്രവർത്തനം ആസൂത്രണം ചെയ്യുന്നുണ്ട്‌. 

വലിയ പിന്തുണയാണ് പിഎംഎസ്‌ഡിക്ക് ലഭിക്കുന്നതെന്ന്‌ ചെയർമാൻ ഡോ. വി. ശിവദാസൻ എം.പി.യും കൺവീനർ ടി.കെ. ഗോവിന്ദനും പറഞ്ഞു. വായനശാലാ വ്യാപനത്തിന്റെ അടിയന്തര ആവശ്യകത ബഹുജനാവബോധമാക്കി മാറ്റുന്നതിൽ മിഷൻ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്‌. പുതിയ വായനശാല ആരംഭിക്കുന്നതിനും നിലവിലുള്ള വിപുലീകരിക്കുന്നതിനും ഊർജിതമായ പ്രവർത്തനമാണ്‌ നടക്കുന്നത്‌.  

വായനശാലയില്ലാത്ത വാർഡുകളിൽ 2023 ഡിസംബർ 31നകം പുതുതായി ആരംഭിക്കുന്ന എല്ലാ വായനശാലകൾക്കും ഉദ്ഘാടനവേളയിൽ ചുരുങ്ങിയത് 100 പുസ്തകമെങ്കിലും നൽകുമെന്ന്‌ പി.എം.എസ്.ഡി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആദിവാസി മേഖലയിൽ ലൈബ്രറി രജിസ്ടേഷന് ആവശ്യമായിവരുന്ന പുസ്തക ശേഖരണം പൂർത്തിയാക്കുന്നതിനുള്ള സഹായവും നൽകുന്നുണ്ട്. ഇതിനായി വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സഹായങ്ങൾക്ക് പുറമെയാണ് കുടുംബശ്രീ നേതൃത്വത്തിലുള്ള പുസ്തക സമാഹരണം. പിന്നാക്ക പ്രദേശങ്ങളിലെ ലൈബ്രറികളെ സഹായിക്കുന്നതിനുള്ള ഈ ഉദ്യമം വൻവിജയമാക്കണമെന്നും കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ അഭ്യർഥിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!