കൊട്ടിയൂർ നെയ്യമൃത് സംഘം വേറെവെപ്പ് തുടങ്ങി

മാലൂർ : കൊട്ടിയൂർ ക്ഷേത്ര വൈശാഖോത്സവത്തിന് തുടക്കംകുറിച്ച് എടവമാസത്തിലെ ചോതിനാളിൽ അക്കരെ ക്ഷേത്ര സ്വയംഭൂവിൽ നടക്കുന്ന പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള മാലൂർപ്പടി നെയ്യമൃത് സംഘം വ്രതനിഷ്ഠയുടെ രണ്ടാംഘട്ടമായ വേറെവെപ്പ് ചടങ്ങ് ആരംഭിച്ചു.
സംഘം കാരണവർ മുരിക്കോളി ശശീന്ദ്രൻ നമ്പ്യാരുടെ നേതൃത്വത്തിൽ 14 പേരാണ് സംഘത്തിലുള്ളത്. ഏഴുദിവസത്തെ വേറെവെപ്പിനുശേഷം 26-ന് ആയില്യം നാളിൽ കലശംകുളി ചടങ്ങോടെ സംഘം പിടിയിൽ പ്രവേശിക്കും.
ഇരിക്കൂർ തമ്മേങ്ങാടൻ വിഭാഗത്തിലെ നെയ്യമൃത് സംഘാംഗങ്ങളും വേറെവെപ്പ് ആരംഭിച്ചു. കുന്നോത്ത് കവരിശ്ശേരി നെയ്യമൃത് മഠക്കാരുടെ ആദ്യ വേറെവെപ്പ് മഠത്തിലെ മുതിർന്ന അംഗമായ എം.കെ. രാഗേഷിന്റെ വീട്ടിൽ നടന്നു. മഠം കാരണവർ പ്രദീപൻ കൈതേരി നേതൃത്വം നൽകി. പട്ടാന്നൂർ മഠത്തിൽ കാരണവർ പി.ഇ. പവിത്രൻ നമ്പ്യാരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വേറെവെപ്പ് ആരംഭിക്കും. പി.ഇ. കണ്ണൻ നമ്പ്യാർ ഉൾപ്പെടെ അഞ്ചുപേരാണ് വ്രതമനുഷ്ഠിക്കുന്നത്.