ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ കേസ് എടുക്കാനാകില്ല;ഹൈകോടതി

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു നിയമവിരുദ്ധമല്ലെന്നും അതിനാൽ പോലീസിനു കേസെടുക്കാനാ വില്ലെന്നും ഹൈക്കോടതി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു നിയമം മൂലം നിരോധിച്ചിട്ടില്ലെന്നും ഇപ്രകാരം കേസെടുക്കണ മെങ്കിൽ അതിനു നിയമം പാസാക്കണമെന്നും ചൂണ്ടിക്കാട്ടിയാ ഹൈക്കോടതി നടപടി.
ഇത്തരത്തിൽ കേസെടുത്ത പോലീസ് നടപടി ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി നൽകിയ ഹർജിയിലാണ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടു വാഹനം ഓടിച്ചാൽ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്.
അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിക്കെതിരേ കേസെടുക്കാനാണ് പോലീസ് ആക്ടിലെ 118 ഇ അധികാരം നൽകുന്നത്. എന്നാൽ ഇങ്ങനെ ഫോണിൽ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കിൽ മാത്രമേ പോലീസ് നടപടി സാധ്യമാകൂ എന്നു കോടതി വിലയിരുത്തി.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ പോലീസ് ആക്ടിൽ നിലവിലില്ല. അതുകൊണ്ട് ഇത്തരത്തിൽ വാഹനം ഓടിക്കുന്നയാൾ പൊതുജനങ്ങളെ അപകടപ്പെടുത്തുന്നതായി അനുമാനിക്കാനാവില്ലെന്നും ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. നിയമഭേദഗതി വരുത്താതെ നടപടിയെടുക്കുന്നത് നിയമലംഘനമാണ്.
പോലീസ് ആക്ടിൽ 118 (ഇ) വകുപ്പ് സംബന്ധിച്ച് വിവിധ വ്യാഖ്യാനങ്ങൾ ഹൈ കോടതി സിംഗിൾ ബെഞ്ച് നൽകിയ സാഹചര്യത്തിലാണ് കേസ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയത്.
കോടതി വിധിയോടെ കേരളത്തിൽ എവിടെയെങ്കിലും ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക് അത് റദ്ദാക്കാൻ കേസ് പരിഗണനയിലിരിക്കുന്ന മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്.