കഴുത്തിൽ കത്തി വച്ച് കവർച്ച: മൂന്ന് പേർ അറസ്റ്റിൽ

തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരന്റെ കഴുത്തിൽ കത്തി വച്ച് പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ചുവെന്ന കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാവുംഭാഗം കുയ്യാലി ചെറുമഠത്തിൽ ബൈജു (36), പരീക്കടവ് പുളിക്കൂൽ ഹൗസിൽ കെ.അഷ്റഫ് (48), കൊയിലാണ്ടി മുച്ചുകുന്ന് മുണ്ട്യാടിക്കുനി വീട്ടിൽ മുഹമ്മദ് ഷാഹിദ് (39) എന്നിവരാണ് പിടിയിലായത്.
ബസ് ജീവനക്കാരനായ വടകര പതിയാരക്കര ചെറുകന്നുമ്മൽ വീട്ടിൽ സി.കെ.സലാഹുദീന്റെ (26) പരാതിയിലാണ് അറസ്റ്റ്. 14ന് രാത്രി 11.45നാണ് സംഭവം.
കൈ കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച ശേഷം പാന്റ്സിന്റെ കീശയിൽ നിന്ന് 7000 രൂപയും ഡ്രൈവിങ് ലൈസൻസും അടങ്ങിയ പഴ്സും ഷർട്ടിന്റെ കീശയിൽ നിന്ന് 23000 രൂപ വിലയുള്ള മൊബൈൽ ഫോണും ബലം പ്രയോഗിച്ച് തട്ടിപ്പറിച്ചുവെന്നാണ് പരാതി.
സംഭവത്തെത്തുടർന്ന് ബസ് സ്റ്റാൻഡിൽ ഉണ്ടായ കൂട്ടത്തല്ലിൽ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പ്രതികളെ അവിടെ നിന്ന് ഡിസ്ചാർഡ് ചെയ്ത ഉടനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 3 പേരെയും റിമാൻഡ് ചെയ്തു.