അക്കരെ കൊട്ടിയൂരിൽ കൈയാല നിർമ്മാണം പുരോഗമിക്കുന്നു

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിനൊരുങ്ങുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ കൈയാലകളുടെ നിർമ്മാണം പുരോഗമിക്കുന്നു. കമുകും മുളയും ഉപയോഗിച്ച് ചെറുതും വലുതുമായ നാല്പതോളം കൈയാലകളുടെ നിർമ്മാണം 75 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു.
ഓലമെടഞ്ഞാണ് മേൽക്കൂര കെട്ടിമേയുന്നത്.കുടിപതികൾ, ക്ഷേത്ര ഊരാളന്മാർ, പ്രത്യേക കുടുംബക്കാർ, ചില സമുദായക്കാർ തുടങ്ങിയവർക്കൊക്കെ കൈയാലകൾ ഉണ്ടാകും. നീരെഴുന്നള്ളത്തോടെ കൈയാലകളുടെ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം.
മണിത്തറയിലുള്ള നിർമ്മാണ പ്രവൃത്തികൾ നീരെഴുന്നള്ളത്തിന് ശേഷമാണ് നടക്കുക.തിരുവഞ്ചിറയിലേക്ക് തെളിനീരെത്തിക്കുന്നതിന്റെ ഭാഗമായുള്ള ബാവലിക്കെട്ടിന്റെ നിർമ്മാണം ഒരാഴ്ചകൊണ്ട് പൂർത്തിയാകും. പ്രക്കൂഴം നാളിൽ ഒറ്റപ്പിലാനും പുറങ്കലയനും ചേർന്ന് മന്ദംചേരിയിൽ പുഴയിലാണ് ബാവലിക്കെട്ടിന് തുടക്കം കുറിച്ചത്.
പുഴങ്കല്ലുകൾ കൊണ്ട് തടയണ കെട്ടിയതിനു ശേഷം അതിനുമുകളിൽ മണൽച്ചാക്കുകൾ നിരത്തുകയാണ് ചെയ്യുന്നത്. ജെ.സി.ബി ഉപയോഗിച്ച് കല്ലുകൾ കൂട്ടിയിടുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ചാക്കുകളിൽ മണൽ നിറയ്ക്കുന്ന പ്രവൃത്തിയും നടന്നുകൊണ്ടിരിക്കുന്നു.
ഈ മാസം 27നാണ് വൈശാഖ മഹോത്സവത്തിന് മുന്നോടിയായുള്ള നീരെഴുന്നള്ളത്ത്. ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ ഉത്സവത്തിന് തുടക്കമാകും. 2 ന് ഭണ്ഡാരം എഴുന്നള്ളത്തിന് ശേഷമാണ് സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശനം.
28 ന് തൃക്കലശാട്ടത്തോടെ 28 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവം സമാപിക്കും.
ഓടപ്പൂ ഉൾപ്പെടെ ഉത്സവ നഗരിയിൽ കച്ചവട ആവശ്യത്തിനായി നിർമ്മിക്കുന്ന താത്കാലിക സ്റ്റാളുകളുടെ ലേലം 75 ശതമാനവും പൂർത്തിയായി. ബാക്കിയുള്ളതിന്റെ ലേലം 20ന് രാവിലെ 10ന് ദേവസ്വം ഹാളിൽ നടക്കും.കെ. നാരായണൻ, എക്സിക്യുട്ടീവ് ഓഫീസർ.