ജനറല്‍ ആസ്പത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം; യുവാവ് പിടിയില്‍

Share our post

കൊച്ചി∙ എറണാകുളം ജനറൽ ആസ്പത്രിയിൽ ഡോക്ടർമാരെയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തയാൾ പിടിയിൽ.

ആലപ്പുഴ സ്വദേശി അനിൽകുമാറിനെയാണു സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ അടിപിടിയിൽ പരിക്കുപറ്റിയ രണ്ടു പേരുമായാണു പ്രതി ആസ്പത്രിയിലെത്തിയത്.

പ്രതിയും മദ്യലഹരിയിലായിരുന്നുവെന്നു സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.പരുക്കേറ്റവരിൽ ഒരാളുടെ മുറിവിൽ തുന്നൽ ഇടണം എന്നു ഡോക്ടർ പറഞ്ഞപ്പോഴാണു പ്രതി ബഹളം വയ്ക്കാൻ തുടങ്ങിയത്.

തുന്നൽ ഇടേണ്ട കാര്യമില്ലെന്നും വെറുതെ പഞ്ഞിയിൽ മരുന്നു വച്ചു വിട്ടാൽ മതിയെന്നും പ്രതി ഡോക്ടറോടു പറഞ്ഞു. എന്നാൽ, ഡോക്ടർ ഇതിനു വഴങ്ങാതെ വന്നതോടെ പ്രതി ജീവനക്കാരെ അസഭ്യം പറഞ്ഞു.

തുടർന്ന് എയ്ഡ്സ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രതി ഇവരെ പിടിച്ചു തള്ളുകയും അക്രമാസക്തനാകുകയും ചെയ്തു. ഇതോടെ സെൻട്രൽ സ്റ്റേഷനിൽ നിന്നു കൂടുതൽ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

വൈദ്യപരിശോധന നടത്തിയ ശേഷം പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു സെൻട്രൽ പൊലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!