നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍; കണ്ടെത്തിയത് ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ

പത്തനംത്തിട്ട: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കവിയൂരിലാണ് ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. തയ്യില്‍ സ്വദേശി ജോര്‍ജിന്റെ താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ അഞ്ചരയോടെ സമീപവാസിയായ റെനി കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. നവജാത ശിശുവിനെ കണ്ടതോടെ ഇദ്ദേഹം പ്രദേശവാസികളെയും വിവരമറിയിച്ചു.
തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് നവജാത ശിശുക്കളുടെ പരിചരണ വിഭാഗത്തിലാണ്. കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി.
ജനിച്ചയുടന്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയതിന്റെ അവശിഷ്ടവും കുഞ്ഞിന്റെ ശരീരത്തിലുണ്ട്. ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള വിശദമായ പരിശോധനയിലാണ് പോലീസ്.