ചെറുകുന്നിലും കണ്ണപുരം ചൈനാക്ലേ റോഡിലും പുതിയ റെയിൽവേ മേൽപാലം വരുന്നു

ചെറുകുന്ന്: ചെറുകുന്നിലും കണ്ണപുരം ചൈനാക്ലേ റോഡിലും പുതിയ റെയിൽവേ മേൽപാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണപുരം പഞ്ചായത്തിൽ എം. വിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ പ്രാഥമിക യോഗം ചേർന്നു.
സ്ഥലങ്ങളിൽ മേൽപാലം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുകയും നിർമാണപ്രവർത്തനത്തിന് കെ. റെയിലിനെ ചുമതലപ്പെടുത്തിയതായും എം. വിജിന് എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാറും റെയിൽവേയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ചെറുകുന്ന് തറക്കും കണ്ണപുരത്തും മേൽപാലം നിർമിക്കുന്നതിനായി വിശദമായ പദ്ധതി രേഖ തയാറാക്കിയപ്പോൾ ഈ മേഖലയിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും വീടുകളും നഷ്ടപ്പെടുമെന്നും വിലയിരുത്തി.
വീടും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ രണ്ടു മേൽപാലങ്ങൾക്കും മധ്യഭാഗത്തായി പുതിയ ഒരു മേൽപാലം വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിർദിഷ്ട സ്ഥലം എം.എൽ.എയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു.
എം.എൽ.എയോടൊപ്പം കെ റെയിൽ സെക്ഷൻ എൻജിനീയർ മിഥുൻ ജോസഫ്, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. രതി, ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി സജീവൻ, കണ്ണപുരം വൈസ് പ്രസിഡന്റ് എം. ഗണേഷൻ, പൊതുമരാമത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ വി. രാംകിഷോർ, അസിസ്റ്റൻറ് എൻജിനീയർ കെ. ശ്രീരാഗ്, കെ. ചന്ദ്രൻ, എൻ. ശ്രീധരൻ, കെ.വി. ശ്രീധരൻ, വാർഡ് അംഗങ്ങളായ ഇ.ടി. ഗംഗാധരൻ, വി. വിനീത, ഒ. മോഹനൻ, സി.എച്ച്. പ്രദീപൻ, പി. ദിവ്യ എന്നിവരും ഉണ്ടായിരുന്നു.