പല മോഷണങ്ങളും കണ്ടിട്ടുണ്ട്, പക്ഷേ ഇത് റെയിൽവേ പ്രതീക്ഷിച്ചില്ല

കൊച്ചി: മൂക്കിന് തുമ്പിൽ നിന്ന് അർദ്ധരാത്രി 150 ബാറ്ററികൾ മോഷണം പോയതിന്റെ ഞെട്ടലിലാണ് റെയിൽവേ അധികൃതർ. അർദ്ധരാത്രി പിക്ക് ആപ്പ് വാനികൾ കടത്തിക്കൊണ്ടു പോയ ബാറ്ററിക്കായി അന്വേഷണം തുടങ്ങി. ദക്ഷിണ റെയിൽവേയുടെ അതിസുരക്ഷാ മേഖലകളിൽ ഒന്നായ പൊന്നുരുന്നി മാർഷലിംഗ് യാർഡിലാണ് മോഷണം.
10 ലക്ഷം രൂപ വിലമതിക്കുന്ന ബാറ്ററികളാണ് കടത്തിയത്. ഈ മാസം പത്തിന് അർദ്ധരാത്രി കണ്ടംചെയ്ത ബാറ്ററികൾ കടത്തുകയായിരുന്നു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ് ) കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
കാലപ്പഴക്കത്തെ തുടർന്ന് വിവിധ ട്രെയിനുകളിൽ നിന്ന് നീക്കം ചെയ്ത ബാറ്ററികൾ മാർഷലിംഗ് യാർഡിലെ കതൃക്കടവ് – കടവന്ത്ര ഭാഗത്തോട് ചേർന്നുള്ള റോഡരികിൽ കുറച്ചുനാളായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. വ്യക്തമായ അറിവുള്ളവരാകാം പിന്നിലെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ടെങ്കിലും ആക്രിപെറുക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.
സി.സി. ടിവി ദൃശ്യങ്ങളിൽ നിന്നാണ് ബാറ്ററികൾ പിക്ക്അപ്പ് വാനിൽ കടത്തുന്ന നിർണായക തുമ്പ് ആർ.പി.എഫിന് ലഭിച്ചത്. വാഹനം കണ്ടെത്താനുള്ള നീക്കം പുരോഗമിക്കുകയാണ്. പിക്ക്അപ്പ് കടന്നുപോയ വഴികളിലെ സി.സി.ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ആർ.പി.എഫ് എസ്.പിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.പേരിൽ മാത്രം സുരക്ഷതന്ത്രപധാന മേഖലയാണ് പൊന്നുരുന്നി മാർഷലിംഗ് യാർഡ്. എന്നാൽ പറയത്തക്ക സുരക്ഷയൊന്നും ഇവിടെയില്ല. യാർഡിന് ഇരുവശത്തുമായാണ് ഇരുമ്പ് സാമഗ്രികൾ പലതും സൂക്ഷിക്കുന്നത്.
പരിശോധന പോലുമില്ലാത്തിനാൽ ഇതിലൂടെ ആർക്കും കടന്നുചെല്ലാം.റീച്ചാർജ് ബാറ്ററിട്രെയിനിലെ ഫാൻ, ലൈറ്റ് തുടങ്ങിയവയ ഇലക്ട്രിക് ഉപകരങ്ങളിലേക്ക് വൈദ്യുതി നൽകുന്നതിന് മുന്തിയയിനം ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ബോഗികൾക്ക് താഴെ വലിയ ഇരുമ്പ് ബോക്സിൽ ഘടിപ്പിച്ച ബാറ്ററികൾ ട്രെയിൻ ഓടുമ്പോഴാണ് ഓട്ടോമാറ്റിക്കായി റീച്ചാർജാകുക.