ഇന്ത്യയിലെ ആദ്യത്തെ കൈത്തറി മ്യൂസിയം ‘ഓടം’ കണ്ണൂരിൽ ഒരുങ്ങുന്നു

കണ്ണൂർ : ഇന്ത്യയിലെ ആദ്യത്തെ കൈത്തറി മ്യൂസിയം ‘ഓടം’ കണ്ണൂരിൽ ഒരുങ്ങുന്നു. കണ്ണൂരിന്റെ കൈത്തറി പാരമ്പര്യം വിളിച്ചോതുന്ന പത്ത് ഗാലറികൾ അടങ്ങുന്ന മ്യൂസിയമാണ് കേരള സർക്കാർ മ്യൂസിയം- മൃഗശാലാ വകുപ്പിന്റെ കീഴിൽ പൂർത്തിയാകുന്നത്.
ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ തയ്യാറാക്കിയ ഹാൻവീവിന്റെ പൈതൃക കെട്ടിടത്തിലാണ് മ്യൂസിയം നിർമിക്കുന്നത്. 60 ലക്ഷം രൂപ മുതൽ മുടക്കിൽ പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവൃത്തികൾ പൂർത്തീകരിച്ച ഹാൻവീവിന്റെ കെട്ടിടത്തിൽ 1.20 കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയം സജ്ജീകരിക്കുന്നത്.
സർക്കാരിന്റെ നോഡൽ ഏജൻസിയായ ചരിത്ര പൈതൃക മ്യൂസിയമാണ് നിർമാണം നടത്തുന്നത്. മനുഷ്യന്റെ വസ്ത്ര ധാരണ, വസ്ത്ര നിർമാണ പൈതൃകം എന്നിവയിലൂടെ സാസ്കാരിക വളർച്ചയുടെ ഘട്ടങ്ങൾ വിവിധ ഗ്യാലറികളിലൂടെ മ്യൂസിയത്തിൽ ആവിഷ്കരിക്കും. കൈത്തറി വ്യവസായത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച ജനകീയ കൂട്ടായ്മകളെയും സഹകരണ മേഖലയുടെ സ്വാധീനത്തെ കുറിച്ചും മ്യൂസിയത്തിൽ ദൃശ്യാവിഷ്കാരം ഉണ്ടാകും.
‘ഓട’ത്തിന്റെ ഉദ്ഘാടനം 16-ന് വൈകീട്ട് മൂന്നിന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനാകും. ആവശ്യക്കാർക്ക് കൈത്തറി ഉത്പന്നങ്ങൾ വാങ്ങാനുള്ള സംവിധാനവും ഒരുക്കുമെന്ന് കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ. ഗോവിന്ദൻ പറഞ്ഞു.