ഹിജാബ് സമരം നയിച്ച കോണ്‍ഗ്രസ് എം.എല്‍.എ.ക്ക് വിജയം; ഹിജാബ് നിരോധിച്ച മന്ത്രിക്ക് തോൽവി

Share our post

കര്‍ണാടകയില്‍ ബി.ജെ.പി.ക്ക് അടിപതറിയതോടെ ദക്ഷിണേന്ത്യയില്‍ പൂര്‍ണമായും ഭരണം കൈവിട്ട പാര്‍ട്ടിയായി ബി.ജെ.പി. ഹലാലും ഹിജാബും ഹനുമാനും ബജ്‌റംഗ്ദളുമെല്ലാം കന്നഡ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് ചൂടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതേ നാണയത്തില്‍ തന്നെ ബിജെപിക്ക് തിരിച്ചടിയും കിട്ടി. ഹിജാബ് സമരത്തിന് മുന്നില്‍ നിന്ന കോണ്‍ഗ്രസ് മുസ്ലിം എം.എല്‍.എ കനീസ് ഫാത്തിമ 12841 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുകയാണ്.

ഹിജാബ് വിവാദം കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളും ശ്രമങ്ങളും. യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിച്ചോളമാമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ പറഞ്ഞപ്പോഴും അത് വരെ പൂര്‍ണമായും ബി.ജെ.പി തള്ളിക്കളഞ്ഞു.

വിവാദങ്ങള്‍ക്കിടെ ഹിജാബ് ധരിച്ചതിന് പുറത്താക്കപ്പെട്ട മുസ്ലിം പെണ്‍കുട്ടികള്‍ ഉടുപ്പിയിലെ സര്‍ക്കാര്‍ കോളജിലേക്ക് പ്രതിഷേധം നടത്തുകയുണ്ടായി. കനീസ ഫാത്തിമയായിരുന്നു ഈ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നേതൃത്വനിരയില്‍ അണിനിരന്നത്. പ്രതിഷേധം നടത്തുക മാത്രമല്ല, താന്‍ ഹിജാബ് ധരിച്ച് നിയമസഭയില്‍ കയറുമെന്നും ബി.ജെ.പി.ക്ക് അത് തടയാമെങ്കില്‍ തടഞ്ഞോളൂ എന്നും കനീസ വെല്ലുവിളിച്ചു. ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബി.ജെ.പി സൃഷ്ടിച്ച ഹിജാബ് വിവാദത്തോടെ തന്നെ ആ വെല്ലുവിളി കോണ്‍ഗ്രസിന് അനുഗ്രഹമായി.

ബി.ജെ.പി ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ത്ഥിയെ പോലും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കില്ല. മാത്രമല്ല, മുസ്ലിം സംവരണം അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി പലകുറി ആവര്‍ത്തിച്ചു.

224 സീറ്റുകളില്‍ 137 സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ വിജയം. കേവല ഭൂരിപക്ഷവും മറികടന്നുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ നേട്ടത്തോടെ, ബി.ജെ.പി പക്ഷേ ദക്ഷിണേന്ത്യയില്‍ സംപൂജ്യരായി. ബി.ജെ.പി 62 സീറ്റിലും ജെ.ഡി.എസ് 21 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലുമാണ് വിജയിച്ചത്.

ഹിജാബ് നിരോധനം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിന് കനത്ത പരാജയം

കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിന് കനത്ത പരാജയം. തിപ്റ്റൂര്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടിയ അദ്ദേഹത്തെ കോണ്‍ഗ്രസിന്‍റെ കെ. ഷദാക്ഷരിയാണ് 17,652 വോട്ടിന് തോൽപിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!