കവിഞ്ഞൊഴുകുന്ന അത്ഭുതകുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കുന്നത് നൂറുകണക്കിന് കുടുംബങ്ങൾ

കണ്ണൂർ: നൂറ്റിനാൽപ്പത് അടി ആഴമുള്ള ഈ കുഴൽക്കിണർ കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി. വേനലിലും വർഷത്തിലും ജലപ്രവാഹം. ഇരുനൂറ് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്.
മാലൂർ പഞ്ചായത്തിലെ പുരളിമല കൂവക്കരയിലെ സി.പി.ചന്ദ്രശേഖരൻ നായരുടെ വീട്ടിലാണ് ഈ അൽഭുത കുഴൽക്കിണർ.
കൃഷി ആവശ്യത്തിന് മുപ്പതിനായിരം രൂപ മുടക്കി 2016 ഏപ്രിലിലാണ് കിണർ കുത്തിയത്.അന്നു മുതൽ വെള്ളം കിണറിനു ചുറ്റും പരന്നൊഴുകാൻ തുടങ്ങി.
വെള്ളം പാഴാകാതെ തടംകെട്ടി നിർത്തി ഹോസ് ഇട്ട് നാട്ടുകാർ കൊണ്ടുപോകാൻ തുടങ്ങി. ഒരു വർഷം മുൻപ് കുഴൽക്കിണറിന് താഴെയായി വലിയൊരു ജല സംഭരണി നിർമ്മിച്ചു.
നാൽപ്പതിനായിരം രൂപ ചിലവായി. പണം നാട്ടുകാർ തന്നെയാണ് സ്വരൂപിച്ചത്. ഇതിലേക്ക് വലിയ പൈപ്പിലൂടെ എത്തുന്ന വെള്ളം ചെറിയ ഹോസുകൾ വഴി ഓരോ വീട്ടുകാരും എടുക്കുകയാണിപ്പോൾ.
സംഭരണിയിൽ വന്ന് വെള്ളം കോരി കൊണ്ടു പോകുന്നവരും ഉണ്ട്.ഏഴ് വർഷത്തിനിടയിൽ ആയിരക്കണക്കിനാളുകൾ ഈ അത്ഭുത ജലപ്രവാഹം കാണാൻ ചന്ദ്രശേഖരൻ നായരുടെ വീട്ടിലെത്തി.
കുഴൽക്കിണറും പരിസരവും ചന്ദ്രശേഖരൻ നായരുടെ മകൻ പ്രദീപൻ നിർമ്മിച്ച ശില്പങ്ങളാലും ചെടികൾ നട്ടും മനോഹരമാക്കിയിട്ടുണ്ട്.
ജിയോളജി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ജലപ്രവാഹം വർഷങ്ങളോളം തുടരാമെന്നാണ് നിഗമനം. ഭൂമിക്കടിയിൽ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ജലശേഖരത്തിലേക്കാവാം കിണർ കുഴിച്ചെത്തിയതെന്നാണ് കരുതുന്നത്. അതേ രേഖയിൽ മറ്റൊരു കിണർ കുഴിച്ചാലും ഇതുപോലെ പ്രവാഹമുണ്ടാകാമെന്നും അവർ പറഞ്ഞു.