കാറ്റിലുലഞ്ഞ് കണ്ണൂർ ജില്ല; വീടുകളുടെ മേൽക്കൂര തകർന്നു, യുവാവിന് പരുക്ക്, ഗതാഗതം തടസ്സപ്പെട്ടു

Share our post

കരയത്തുംചാൽ : ശ്രീകണ്ഠപുരം നഗരസഭയിലെ കരയത്തുംചാൽ‍ ജിയുപി സ്കൂളിന് മുകളിൽ മരം വീണ് സോളർ പാനലും ക്ലാസ് മുറിയും തകർന്നു. പ്രദേശത്തു പത്തിലേറെ വൈദ്യുതത്തൂണുകൾ തകർന്നു. 5 വീടുകളും തകർന്നു. കൃഷിനാശവും ഉണ്ടായി. 11ന് രാത്രി വീശിയടിച്ച കാറ്റിലാണു വ്യാപക നാശം ഉണ്ടായത്.

കരയത്തുംചാലിൽ തന്നെ പടിയറ ലിസിയുടെ വീടിനു മുകളിൽ മരം വീണു മേൽക്കൂര തകർന്നു. വീടിനകത്തുണ്ടായിരുന്ന മകൻ‍ കിരണിന് (24) തലയ്ക്കും കാലിനും മുറിവേറ്റു. പിണക്കാട്ട് ചാക്കോ, നെടുഞ്ചാര സുഹറ, മറ്റത്തിൽ ആന്റണി, കുന്നത്ത് ബിനീഷ് എന്നിവരുടെ വീടുകൾക്കു മുകളിലും മരം വീണു. പുറഞ്ഞാണിലെ കുളത്തറ ഷാജിയുടെ പറമ്പിലെ മരം വീണ് വൈദ്യുതി തൂണുകൾ തകർന്നു.

കരയത്തുംചാലിലെ ദേവസ്യ ചക്യത്തിന്റെ കൃഷിയിടത്തിലും വ്യാപക നാശം ഉണ്ടായി. കോറങ്ങാട് ഞണ്ണമല റൂട്ടിൽ മരം വീണ് വൈദ്യുതി തൂണുകൾ വീണ് ഗതാഗതം മുടങ്ങി. ചേപ്പറമ്പ് കരയത്തുംചാൽ റോഡിലും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ കൃഷിയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്.

5 വീടുകൾ തകർന്നു,

ഇരിട്ടി∙ മേഖലയിൽ വേനൽ മഴയ്ക്കൊപ്പം ഉണ്ടായ ചുഴലിക്കാറ്റ് വ്യാപക നാശം വരുത്തി. ആറളം, അയ്യൻകുന്ന് പഞ്ചായത്തിലെ 5 വീടുകൾ തകർന്നു. ആറളം ഉരുപ്പുംകുണ്ടിലെ ബീന ചെടിയാരത്തിന്റെ വീടും സമീപത്തെ തൊഴുത്തും മരം വീണ് പൂർണമായും തകർന്നു. അപകട സമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. ശുദ്ധജലക്ഷാമം മൂലം കുടുംബം ബന്ധുവീട്ടിലാണു താമസിക്കുന്നത്.

നെടുമുണ്ടയിലെ പാലികുഴുപ്പിൽ ജസ്റ്റിൻ തോമസിന്റെ നിർമാണത്തിലിരിക്കുന്ന വീട് ഭാഗികമായി തകർന്നു.മരം വീണ് ആസ്ബറ്റോസ് ഷീറ്റുകൾ നശിച്ചു. അയ്യൻകുന്ന് കരിക്കോട്ടക്കരി വളയംകോട് പാട്രിക്ക് ഫെർണാണ്ടസിന്റെ വീടിന്റെ മേൽക്കൂര തെങ്ങു വീണ് ഭാഗികമായി തകർന്നു.

നെടുമുണ്ടയിലെ രാധ കാട്ടിലിന്റെ താൽക്കാലിക വീട് പൂർണമായി തകർന്നു. കുന്നത്ത്മാക്കൽ ട്വിങ്കിൾ മാത്യുവിന്റെ വീടിനു മുകളിൽ മരം വീണ് മേൽക്കൂരയും സിറ്റൗട്ടും തകർന്നു. എടൂരിലെ മേയിക്കൽ രൂപേഷ് മാത്യുവിന്റെ നെടുമുണ്ടയിലുള്ള ‌തോട്ടത്തിലെ 30 റബർ മരങ്ങൾ കാറ്റിൽ നിലംപൊത്തി.

കഴിഞ്ഞ വർഷം ടാപ്പിങ് തുടങ്ങിയ മരങ്ങളാണ്. വലിയപറമ്പിൽ യേശുദാസിന്റെ 15 റബർ മരങ്ങളും നശിച്ചു. മേഖലയിൽ തെങ്ങ്, വാഴ, കശുമാവ്, കമുക് തുടങ്ങിയ വിളകൾ നശിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യൻകുന്ന്), കെ.പി.രാജേഷ് (ആറളം) തുടങ്ങിയവരും വില്ലേജ് – കൃഷി വകുപ്പ് അധികൃതരും സന്ദർശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!