പയ്യന്നൂർ : താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ പരാതികളുടെ പ്രളയം. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ എത്തിയത് 994 പരാതികൾ.
രാവിലെ 10.30ന് തുടങ്ങിയ അദാലത്ത് രാത്രി വരെ നീണ്ടു നിന്നു. മന്ത്രി കെ.രാധാകൃഷ്ണനൊപ്പം എംഎൽഎമാരായ ടി.ഐ.മധുസൂദനൻ, എം.വിജിൻ, കലക്ടർ എസ്.ചന്ദ്രശേഖർ എന്നിവർ പരാതികൾ കേട്ട് തീർപ്പുണ്ടാക്കി. വഴിയും വഴിത്തർക്കവും പരാതികളിൽ പ്രധാന സ്ഥാനം വഹിച്ചു.
കോടതികളിൽ കേസുകളിൽ പെട്ടു കിടക്കുന്ന വഴിത്തർക്കങ്ങൾ വരെ പരാതിയായി എത്തി. പരിഹരിക്കാവുന്നവയെല്ലാം മന്ത്രിയും എംഎൽഎമാരും രമ്യമായി പരിഹരിച്ചു. പല പരാതികളും നിമിഷങ്ങൾക്കുള്ളിൽ തന്നെ പരിഹരിച്ചു. ഭൂദാന കോളനികളിൽ ഭൂമി കൈമാറ്റം പരമ്പരാഗത രീതിയിൽ നടത്തുന്നത് റജിസ്ട്രേഷൻ വകുപ്പ് തടയുന്ന എന്ന പരാതിയുമായി ഒട്ടേറെ പേർ എത്തി. സ്ഥലം മക്കൾക്ക് കൈമാറി കൊടുക്കാമെന്ന മന്ത്രി നിയമം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.
ഈ പ്രശ്നം ജില്ലയിൽ എല്ലാ ഭാഗത്തും ഉള്ളതിനാൽ കലക്ടർ തന്നെ നിർദേശം നൽകും. കവ്വായി കായലിൽ ജലഗതാഗത വകുപ്പ് സർവീസ് നടത്തുന്ന പഴഞ്ചൻ ബോട്ടിന് പകരം പുതിയ ബോട്ട് അനുവദിക്കണമെന്ന് കൗൺസിലർ എ.നസീമ അദാലത്തിൽ ആവശ്യപ്പെട്ടു. പയ്യന്നൂർ ഇലക്ട്രിക്കൽ സെക്‌ഷൻ വിഭജിക്കണമെന്ന് മുസ്‌ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയും അദാലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ നഗരസഭ അധ്യക്ഷ കെ.വി. ലളിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല,
പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ശ്രീധരൻ (ചെറുതാഴം), എ.പ്രാർഥന (കുഞ്ഞിമംഗലം), പി.ഗോവിന്ദൻ (ഏഴോം), കെ.സഹീദ് (മാടായി), ടി.സുലജ (കടന്നപ്പള്ളി-പാണപ്പുഴ), ടി.രാമചന്ദ്രൻ (എരമം-കുറ്റൂർ), എം.വി.സുനിൽ കുമാർ (കാങ്കോൽ-ആലപ്പടമ്പ), എ.വി.ലേജു (കരിവെള്ളൂർ-പെരളം), എം.ഉണ്ണിക്കൃഷ്ണൻ (പെരിങ്ങോം), കെ.എഫ്.അലക്സാണ്ടർ (ചെറുപുഴ),
തഹസിൽദാർ എം.കെ.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. 5 കുടുംബങ്ങൾക്ക് കൈവശ ഭൂമിയുടെ പട്ടയവും 3 പേർക്ക് ലൈഫ് മിഷൻ വീടുകളുടെ താക്കോലും അദാലത്തിൽ മന്ത്രി വിതരണം ചെയ്തു. ഗുരുതര രോഗം മൂലം പ്രത്യേക പരിഗണന നൽകി 17 പേർക്ക് അനുവദിച്ച മുൻഗണന റേഷൻ കാർഡുകളും വിതരണം ചെയ്തു.
സ്വപ്ന സാഫല്യമായി പട്ടയം
ആനിടിൽ തങ്കമണിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. 30 വർഷം മുൻപ് ഭൂദാനം കോളനിയിൽ കിട്ടിയ സ്ഥലത്തിന്റെ പട്ടയം മന്ത്രി രാധാകൃഷ്ണന്റെ കയ്യിൽ നിന്ന് വാങ്ങിയപ്പോൾ ആ കണ്ണ് നിറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനാൽ തങ്കമണിയുടെ അടുത്തേക്ക് ചെന്നാണ് മന്ത്രി പട്ടയം കൈമാറിയത്. മരിക്കുന്നതിന് മുൻപ് പട്ടയം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല.
സ്ഥലം ലഭിച്ചപ്പോൾ പട്ടയത്തിന് വേണ്ടി കുറെ നടന്നതാണ്. രണ്ടു മാസം മുൻപാണ് വീണ്ടും അപേക്ഷിച്ചത്. ഈ കൈ കൊണ്ട് തന്നെ വാങ്ങാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് 71 വയസ്സുള്ള കൈതപ്രത്തെ തങ്കമണി കൈകൂപ്പിക്കൊണ്ട് മന്ത്രിയോട് പറഞ്ഞു. വീട്ടിലേക്കൊരു വഴി വേണമെന്ന ആവശ്യവും തങ്കമണി മന്ത്രിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
∙ഭിന്നശേഷി മകളുള്ള അന്നൂരിലെ കെ.ശൈലജയ്ക്ക് അനുവദിച്ച മുൻഗണന റേഷൻ കാർഡ് കിട്ടി. ഭിന്നശേഷിക്കാരിയായ മകൾ ശ്രീതുവാണ് മന്ത്രിയിൽ നിന്ന് കാർഡ് ഏറ്റുവാങ്ങിയത്.
∙കാങ്കോൽ വൈപ്പിരിയം രാജീവ് ഗാന്ധി ലക്ഷം വീട് കോളനിയിൽ 4 കുടുംബങ്ങൾക്ക് കൂടി പട്ടയം ലഭിച്ചു. 30 വർഷത്തിന് ശേഷമാണ് ഇവർക്ക് പട്ടയം ലഭിക്കുന്നത്. എൻ.പി.ഭാസ്കരൻ, കെ.വി.പി.സുകേഷിനി, പി.രതീശൻ, ടി.വി.നാരായണൻ എന്നിവർക്കാണ് ഇന്നലെ പട്ടയം നൽകിയത്. ഈ കോളനിയിൽ നേരത്തെ 6 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചിരുന്നു. ഇനി 19 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാനുണ്ട്.
∙3 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. കരിവെള്ളൂർ കൂക്കാനത്തെ ടി.പി.സൗമ്യ, പെരളത്തെ പി.രജിത, വയക്കരയിലെ സ്വപ്ന ഇളയടത്ത് എന്നിവരാണ് താക്കോൽ ഏറ്റുവാങ്ങിയത്.
ഡി.വൈ.എഫ്.ഐ ഉച്ചഭക്ഷണം നൽകി
അദാലത്തിൽ എത്തിച്ചേർന്ന ആയിരത്തിലധികം പേർക്ക് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ഉച്ചഭക്ഷണം നൽകി. രാവിലെ അദാലത്ത് തുടങ്ങുമ്പോൾ തന്നെ ഇവർ കുടിവെള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ഉച്ചഭക്ഷണം വിതരണം ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സി.ഷിജിൽ, എ.മിഥുൻ, പി.ഷിജി, ബി.ബബിൻ, പി.വി.അർജുൻ, എം.മുഹമ്മദ്, കെ.സുജിത്ത് എന്നിവർ നേതൃത്വം നൽകി.