രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജിയുൾപ്പെടെയുള്ള 68 പേരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീംകോടതി
ഗുജറാത്ത്: 68 ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകി ജില്ലാ ജഡ്ജിമാരായി നിയമിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി.
ജില്ലാ ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിൽ നിൽക്കെ വിജ്ഞാപനം ഇറക്കിയതിനാണ് സുപ്രീം കോടതിയുടെ നടപടി. വിജ്ഞാപനം ഇറക്കിയത് അധികാരത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
മോദി പരാമർശത്തെ തുടർന്നുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഹരീഷ് ഹസ്മുഖ് ഭായ് വർമ (എച്ച്.എച്ച്.വർമ) ഉൾപ്പെടെ 68 പേരെയാണ് ജില്ലാ ജഡ്ജിമാരാക്കി നിയമിക്കാൻ ഗുജറാത്ത് സർക്കാർ നടപടിയെടുത്തത്.
സൂറത്ത് മജിസ്ട്രേറ്റ് കോടതി ജഡ്ജിയായ എച്ച്.എച്ച്. വർമയ്ക്ക് രാജ്കോട്ട് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം നൽകിയിരുന്നത്. 65 ശതമാനം പ്രമോഷൻ ക്വോട്ടയിൽ സ്ഥാനക്കയറ്റം നൽകാനുള്ള പട്ടികയിൽ വർമ ഉൾപ്പെട്ടിരുന്നു. 200 ൽ 127 മാർക്കാണ് ഇദ്ദേഹത്തിനു ലഭിച്ചത്.
കോലാറിൽ നടത്തിയ പ്രസംഗത്തിനിടെ മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട് എന്നായിരുന്നു രാഹുലിന്റെ പരാമർശം.
ഈ പരാമർശം മോദിയെന്നു പേരുള്ളവരെ അപകീർത്തിപ്പെടുത്തിയെന്ന കേസിലായിരുന്നു രാഹുലിന് ശിക്ഷ ലഭിച്ചത്. തുടർന്ന് അദ്ദേഹത്തിന് ലോക്സഭാംഗത്വം നഷ്ടമായി. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ സൂറത്തിലെ സെഷൻസ് കോടതി നിരസിച്ചിരുന്നു.