സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും ഡ്രോണ്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

Share our post

സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും ഡ്രോണ്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം.

ഡ്രോണുകളും പ്രത്യേക പരിശീലനം നേടിയ ഡ്രോണ്‍ പൈലറ്റുമാര്‍ക്കുള്ള ഡ്രോണ്‍ പൈലറ്റ് ലൈസന്‍സും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. ഡ്രോണുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിനാല്‍ അവയുടെ പ്രവര്‍ത്തനത്തിന് പ്രത്യേകം വ്യവസ്ഥകള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിരീക്ഷണ ഡ്രോണുകള്‍ പൊലീസിന്റെ ആധുനികവത്ക്കരണത്തില്‍ വലിയ ചുവടായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ആവശ്യങ്ങള്‍ക്കുളള ഡ്രോണുകള്‍, മൊബൈല്‍ ആന്റിഡ്രോണ്‍ സംവിധാനം എന്നിവ നിര്‍മ്മിക്കുന്നതിന് കേരള പൊലീസ് ഡ്രോണ്‍ ഫോറന്‍സിക് ലാബ് ആന്റ് റിസര്‍ച്ച് സെന്റര്‍ വികസിപ്പിച്ചെടുത്ത ഡ്രോണ്‍ ഫോറന്‍സിക് സോഫ്റ്റ് വെയറിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

വിവിധതരം ഡ്രോണ്‍ ഓപ്പറേഷനുകള്‍ നടത്തുന്നതിനായി ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത് ഡി.ജി.സി.എ സര്‍ട്ടിഫൈഡ് ഡ്രോണ്‍ പൈലറ്റ് പരിശീലനം നേടിയ 25 പൊലീസ് ഉദ്യോഗസ്ഥര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. പൊലീസിന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള സ്ഥലങ്ങളില്‍ ആകാശ നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കാനും അടിയന്തിരഘട്ടങ്ങളില്‍ സഹായമെത്തിക്കാനും ഡ്രോണുകള്‍ സഹായകമാകും.

ഡ്രോണ്‍ പൈലറ്റ് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് പുറമെ 20 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്രോണ്‍ ഫോറന്‍സിക് ലാബിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഫ്‌ളൈയിങ്ങില്‍ അടിസ്ഥാന പരിശീലനവും നല്‍കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!