ഐ.ആർ.സി.ടി.സിയുടെ ‘ഗോൾഡൻ ട്രയാംഗിൾ’; വിനോദയാത്രികരുമായി ‘ഭാരത് ഗൗരവ് ട്രെയിൻ’ 19-ന് പുറപ്പെടും

പാലക്കാട്: ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐ.ആർ.സി.ടി.സി.) ടൂർ പാക്കേജായ ഭാരത് ഗൗരവ് ട്രെയിൻ 19-ന് കേരളത്തിൽനിന്ന് പുറപ്പെടും.
ഹൈദരാബാദും ഗോവയും ഉൾപ്പെടുത്തി ‘ഗോൾഡൻ ട്രയാംഗിൾ’ എന്ന പേരിലാണ് 12 ദിവസത്തെ വിനോദയാത്ര. കൊച്ചുവേളിയിൽനിന്നാരംഭിച്ച് ഹൈദരാബാദ്, ആഗ്ര, ഡൽഹി, ജയ്‌പുർ, ഗോവ എന്നിവിടങ്ങൾ സന്ദർശിച്ച് 30-ന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര.
എ.സി. ത്രീടയർ, സ്ലീപ്പർക്ലാസ് എന്നിവയിലായി 750 വിനോദസഞ്ചാരികൾക്കാണ് അവസരം. അറുപതുശതമാനം സീറ്റുകൾ ബുക്കിങ്ങായെന്ന് റെയിൽവേ അഡീഷണൽ ഡിവിഷണൽ മാനേജർ (പാലക്കാട്) സി.ടി. സക്കീർഹുസൈനും ഐ.ആർ.സി.ടി.സി. എറണാകുളം മേഖലാ മാനേജർ ശ്രീജിത്ത് ബാപ്പുജിയും പത്രസമ്മേളനത്തിൽ പറഞ്ഞു.
കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് ജങ്ഷൻ, പോത്തനൂർ, ഈറോഡ്, സേലം സ്റ്റേഷനുകളിൽനിന്ന് കയറാം. കൊങ്കൺപാത വഴിയുള്ള മടക്കയാത്രയിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങുകയുംചെയ്യാം.
നോൺ എ.സി. ക്ലാസിലെ യാത്രയ്ക്ക് 22,900 രൂപയും എ.സി. ക്ളാസിലെ യാത്രയ്ക്ക് 36,050 രൂപയുമാണ് യാത്രാനിരക്ക്. വിനോദകേന്ദ്രങ്ങളിലേക്കുള്ള യാത്ര, രാത്രി ഹോട്ടലുകളിലെ താമസം, വെജിറ്റേറിയൻ ഭക്ഷണം എന്നിവ ടൂർപാക്കേജിൽ ഉൾപ്പെടും. എന്നാൽ, വിനോദകേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റ് യാത്രക്കാർ വാങ്ങണം.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും ഐ.ആർ.സി.ടി.സി.യുടെ വെബ്സൈറ്റ് സന്ദർശിക്കണം. ഓരോമാസവും പ്രത്യേക മേഖലകളിലേക്കായി കേരളത്തിൽനിന്ന് ഗൗരവ് ട്രെയിനിന്റെ ടൂർ പാക്കേജുണ്ടാകുമെന്ന് ഐ.ആർ.സി.ടി.സി. സീനിയർ എക്സിക്യൂട്ടീവ് ബിനുകുമാർ, എക്സിക്യൂട്ടീവ് വിനോദ്‌കുമാർനായർ എന്നിവർ പറഞ്ഞു.