വന്ദനയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ തിക്കി തിരക്കി ജനം; മൃതദേഹം അസീസിയ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം കൊല്ലം അസീസിയ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സഹപാഠികളടക്കമുള്ളവർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും.
തുടർന്ന് മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും.പോസ്റ്റ്‌മോർട്ടത്തിന് ശേഷം അൽപസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിലും മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.
പത്ത് മിനിട്ടാണ് ഇവിടെ പൊതുദർശനം നിശ്ചയിച്ചിരുന്നതെങ്കിലും ആളുകളുടെ നീണ്ട നിര കാരണം ഇത് നീണ്ടു. മന്ത്രിമാരായ വി. എൻ വാസവൻ, ശിവൻകുട്ടി അടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു.
അതേസമയം, വന്ദനയുടെ കൊലപാതകത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി. റിപ്പോർട്ട് നാളെ രാവിലെയ്ക്കകം നൽകണമെന്നും ഡി .ജി. പി ഓൺലൈനായി ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
ഡോക്ടർമാരെ സംരക്ഷിക്കാൻ സാധിക്കില്ലെങ്കിൽ ആസ്പത്രികൾ പൂർണമായും അടച്ചുപൂട്ടുകയല്ലേ വേണ്ടതെന്നും സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു.