‘ഈ വിജയം പഠനം മുടക്കാത്ത അച്ഛന്’:തമിഴ്‌നാട് പ്ലസ്ടു പരീക്ഷയില്‍ 600/600 വാങ്ങി മരപ്പണിക്കാരന്റെ മകള്‍

ചെന്നൈ: തമിഴ്‌നാട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 600-ല്‍ 600 മാര്‍ക്കും നേടി വിദ്യാര്‍ഥിനി. ഡിണ്ടിഗല്‍ ജില്ലയിലെ അണ്ണാമലയാര്‍ മില്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പരീക്ഷ എഴുതിയ എസ്.നന്ദിനിയാണ് ആറ് വിഷയങ്ങളിലും ഫുള്‍മാര്‍ക്ക് വാങ്ങി സംസ്ഥാനത്ത് തന്നെ ഒന്നാമതെത്തി ചരിത്രം സൃഷ്ടിച്ചത്
‘ദിവസക്കൂലിക്ക് പണിയെടുക്കുന്ന മരപ്പണിക്കാരന്റെ മകളാണ് ഞാന്‍. പക്ഷേ ഒരിക്കല്‍ പോലും എന്റെ പഠനകാര്യങ്ങളില്‍ അദ്ദേഹം മുടക്കം വരുത്തിയിട്ടില്ല. എന്തും നേടാമെന്ന ആത്മവിശ്വാസം എനിക്കുള്ളിലുണ്ടാക്കിയ അച്ഛനും അമ്മയ്ക്കും പിന്നെ മാതാപിതാക്കള്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നു”,- നന്ദിനി പറഞ്ഞു
ഭാവിയില്‍ എന്താകണമെന്ന ചോദ്യത്തിന് ഓഡിറ്ററാകണമെന്നായിരുന്നു നന്ദിനിയുടെ മറുപടി. തമിഴ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, കൊമേഴ്സ്, അക്കൗണ്ടന്‍സി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ ആറ് വിഷയങ്ങളിലും നന്ദിനി മുഴുവന്‍ മാര്‍ക്കും നേടി.
നന്ദിനിയെ തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ അഭിനന്ദിച്ചു. ഉപരിപഠനത്തിനുള്ള എല്ലാ സഹായ വാഗ്ദാനവും നല്‍കി. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് നന്ദിനിയെപ്പോലെ കഠിനാധ്വാനം കൊണ്ട് ഉയര്‍ന്നു വരുന്നവരാണ് തമിഴകത്തിന്റെ പ്രതീകങ്ങളെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ചെന്നൈയില്‍, ചെന്നൈ കോര്‍പ്പറേഷന്‍ നടത്തുന്ന സ്‌കൂളുകളില്‍ രണ്ട് വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കും മറ്റ് നാല് വിഷയങ്ങളില്‍ 99 വീതവും അടക്കം ആകെ 592 മാര്‍ക്ക് നേടി എന്‍.ഗായത്രിയും അഭിമാനമായി. പഴക്കടയിലാണ് ഗായത്രിയുടെ അമ്മ ജോലിചെയ്യുന്നത്, അച്ഛന്‍ ഒരു സ്വകാര്യ ലൈബ്രറി അസിസ്റ്റന്റാണ്.
‘ഞങ്ങളുടെ ജീവിതത്തെ പല തരത്തില്‍ മാറ്റിമറിക്കാന്‍ തക്കശേഷിയുള്ള ഒരേയൊരു കാര്യം വിദ്യാഭ്യാസം മാത്രമാണ്. മറ്റുള്ളവരെ മനസ്സിലാക്കാനുള്ള ഒരേയൊരു മാര്‍ഗവും വിദ്യാഭ്യാസമാണ്-ഗായത്രി പറഞ്ഞു.
തിങ്കളാഴ്ചയാണ് തമിഴ്‌നാട് ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷാഫലം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എട്ട് ലക്ഷത്തിലധികം പേരെഴുതിയ പരീക്ഷയില്‍ 94.03 ശതമാനം പേരും വിജയിച്ചു. പെണ്‍കുട്ടികളുടെ വിജയശതമാനം 96.38 ഉം ആണ്‍കുട്ടികളുടെ വിജയശതമാനം 91.45-ഉം ആണ്. കഴിഞ്ഞ വര്‍ഷം 93.76 ശതമാനമായിരുന്നു വിജയശതമാനം.