കോടിയേരി സ്‌മാരക ലൈബ്രറിക്ക്‌ ടി. പത്മനാഭന്റെ 101 പുസ്‌തകങ്ങൾ

Share our post

തലശേരി: ചൊക്ലിയിൽ ആരംഭിക്കുന്ന കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ലൈബ്രറിക്ക്‌ സാഹിത്യകാരൻ ടി. പത്മനാഭൻ 101 പുസ്‌തകം നൽകി. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ ചേർന്ന ചടങ്ങിൽ സി.പി.ഐ. എം സംസ്ഥാന കമ്മിറ്റിയംഗം ടി. വി രാജേഷ്‌ പുസ്‌തകം ഏറ്റുവാങ്ങി. വി. കെ രാകേഷ്‌, ഡോ. എ .പി ശ്രീധരൻ, സിറോഷ്‌ലാൽ, ഡോ. ടി. കെ മുനീർ, കെ .പി വിജയൻ, സാവിത്രി അജയൻ, സുരേഷ്‌ പ്രിന്റിമ എന്നിവരും ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുത്തു. കോടിയേരി ബാലകൃഷ്‌ണനോടുള്ള ഹൃദയബന്ധമാണ്‌ പുസ്‌തക കൈമാറ്റത്തിലൂടെയും കഥാകാരൻ പ്രകടിപ്പിച്ചത്‌.

തിരുവള്ളുവരുടെ ‘തിരുക്കുറുൾ’, ഭരതമുനിയുടെ നാട്യശാസ്‌ത്രം പരിഭാഷ, വിവേകാനന്ദൻ സന്ന്യാസിയും മനുഷ്യനും, കെ. വി കുഞ്ഞിരാമൻ എഡിറ്റ്‌ ചെയ്‌ത ‘വീരവണക്കം–- കോടിയേരി ഓർമപുസ്‌തകം’, ബിഷപ്പ്‌ പൗലോസ്‌ മാർ പൗലോസിന്റെ ‘തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ’, ടി പത്മനാഭന്റെ ‘അപൂർവരാഗം’ തുടങ്ങിയ പഴയതും പുതിയതുമായ പുസ്‌തകങ്ങളുടെ അപൂർവശേഖരമാണ്‌ ഗ്രന്ഥാലയത്തിന്‌ സമർപ്പിച്ചത്‌. ഓരോ പുസ്‌തകത്തിലും എഴുത്തുകാരന്റെ കൈയൊപ്പുമുണ്ട്‌.

പുസ്‌തക സമർപ്പണം 20ന്‌
ചൊക്ലി ടൗണിലെ മൊയാരത്ത്‌ ശങ്കരൻ സ്‌മാരക മന്ദിരത്തിലാണ്‌ കോടിയേരിയുടെ സ്‌മരണക്ക്‌ ലൈബ്രറി ആരംഭിക്കുന്നത്‌. മെയ്‌ അവസാനവാരം പ്രവർത്തനം തുടങ്ങും. 20ന്‌ പകൽ മൂന്നുമുതൽ 7.30വരെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ലൈബ്രറിയിലേക്ക്‌ പുസ്‌തക സമർപ്പണം നടത്തും.

സാഹിത്യകാരന്മാർ, കലാകാരന്മാർ, തൊഴിലാളികൾ, അധ്യാപകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പുസ്‌തക സമർപ്പണത്തിൽ പങ്കാളികളാവും. പ്രമുഖ പ്രസാധകരുടെ പുസ്‌തകങ്ങൾ വാങ്ങി ലൈബ്രറിക്ക്‌ നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!