ബോട്ടിന്റെ വരവ് കണ്ട് ഭയന്നിട്ടും മക്കളുടെ ആഗ്രഹം സാധിക്കാൻ കയറി; 12 അംഗ കുടുംബത്തിലെ ഒരാൾ പോലും മടങ്ങിയെത്തിയില്ല

മലപ്പുറം: സ്കൂൾ അവധിക്കാലമായതിനാൽ മക്കളോടൊപ്പം താനൂരിലേയ്ക്ക് പോയതായിരുന്നു പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തവലിയുടെയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളും. ഇവർക്കൊപ്പമുണ്ടായിരുന്ന അകന്ന ബന്ധുകൂടിയായ ജാബിറിന്റെ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ 12 അംഗ സംഘമാണ് ബോട്ടിൽ കയറാനായി പോയിരുന്നത്.
ഇവരിൽ ഒരാൾ പോലും അപകടത്തെ അതിജീവിച്ചിട്ടില്ല. മക്കളുടെ ആഗ്രഹമായ ബോട്ട് യാത്രയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇതാണ് ഒടുവിൽ അന്ത്യയാത്രയായി മാറിയത്. ജീവന്റെ ജീവനായ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദന താങ്ങാനാവാത്ത നിലയിലാണ് സെയ്തലവിയും സിറാജും ബന്ധുവായ ജാബിറും.
സെയ്തലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7) സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), ഒന്നര വയസുകാരിയായ റുഷ്‌ദ എന്നിവരാണ് മരിച്ചത്.
കുഞ്ഞുങ്ങളുടെ കളിയും ചിരിയും കൊണ്ട് ഇന്നലെവരെ സന്തോഷം നിറഞ്ഞുനിന്നിരുന്ന കുന്നുമ്മൽ വീട് ഇന്ന് കണ്ണീർപ്പുഴയാണ്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർക്ക് മൃതദേഹങ്ങൾ നിരത്തിവച്ച കാഴ്ച താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ സമീപത്തെ മദ്രസയിലേയ്ക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ മദ്രസ സന്ദർശിച്ചു. ഇടത് മുന്നണി കൺവീനർ ഇ പി ജയരാജനടക്കം നിരവധി നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. മരണപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.