നവജാതശിശുവിനെ വിറ്റ സംഭവം; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വില്‍പന നടത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശിയായ അഞ്ജുവാണ് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായത്. ഇവര്‍ ദിവസങ്ങളായി മാരാരിമുട്ടത്തെ ഒരു വീട്ടില്‍ ഒളിവിലായിരുന്നു.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ വിറ്റ കേസിലാണ് അഞ്ജു അറസ്റ്റിലാകുന്നത്. ഇവരുടെ സുഹൃത്ത് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായിരുന്നു. സുഹൃത്തില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ജുവിനെ കണ്ടെത്തിയത്.
സുഹൃത്താണ് വില്‍പനയ്ക്ക് ഇടനില നിന്നത് എന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ വിലപേശി കുഞ്ഞിനെ വില്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഇതോടെ കുട്ടികളില്ലാത്തതിനാലാണ് യുവതിയ്ക്ക് കുഞ്ഞിനെ നല്‍കിയത് എന്ന വാദം പൊളിയുകയാണ്. കേസില്‍ കര്‍ശനമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് പോലീസ് അറിയിക്കുന്നത്.
ഈ മാസം ഏഴിന് തൈക്കാട്ടെ ഗവണ്‍മെന്റ് ആശുപത്രിയില്‍ യുവതി പ്രസവിച്ച നവജാത ശിശുവിനെ വിറ്റതായാണ് പോലീസ് കണ്ടെത്തിയത്. പത്താം തീയതിയാണ് വില്‍പന നടന്നത്. മൂന്നു ലക്ഷം രൂപ നല്‍കി കരമന സ്വദേശികളാണ് കുഞ്ഞിനെ വാങ്ങിയത്. തങ്ങള്‍ക്കു കുട്ടികളില്ലാത്തതിനാല്‍ സുഹൃത്ത് കുഞ്ഞിനെ നല്‍കിയതായിരുന്നു എന്നായിരുന്നു ഇവര്‍ നല്‍കിയ വിശദീകരണം.
സ്പെഷല്‍ ബ്രാഞ്ചിന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ വാങ്ങിയവരില്‍നിന്ന് ശിശുവിനെ വീണ്ടെടുക്കുകയും ചെയ്യുകയായിരുന്നു. നിലവില്‍ കുഞ്ഞ് ശിശുക്ഷേമ സമതിയുടെ സംരക്ഷണയിലാണുള്ളത്.