മണിപ്പുര്‍ കലാപം; മരണസംഖ്യ 54 ആയി

ഇംഫാല്‍: മണിപ്പുര്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സുരക്ഷാസേനയെ വിന്യസിച്ചതിനു പിന്നാലെ മണിപ്പൂരിലെ ജനജീവിതം പൂര്‍വസ്ഥിതിയിലായി വരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുകയും വാഹനങ്ങള്‍ നിരത്തിലിറക്കുകയും ചെയ്തു.
മരിച്ചവരില്‍ 16 പേരുടെ മൃതദേഹം ചുരചന്ദപുര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലും 15 പേരുടെ മൃതദേഹങ്ങള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കും മാറ്റി.
അതിനിടെ ചുരന്ദ്പുരില്‍ നടന്ന ഏറ്റുമുട്ടലില്‍ 5 കലാപകാരികള്‍ കൊല്ലപ്പെടുകയും രണ്ടു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചുരന്ദ്പുര്‍, മോറെ, കക്ചിങ്, കങ്‌പോക്കി, എന്നിവിടങ്ങളില്‍ നിന്നായി പതിമൂവായിരത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി സൈന്യം അറിയിച്ചു.
അസം റൈഫിള്‍സില്‍ നിന്നും സൈന്യത്തില്‍ നിന്നുമായി പതിനായിരത്തിലധികം സുരക്ഷാഭടന്മാരെയാണ് വിവിധ പ്രദേശങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. ആയിരത്തോളം വരുന്ന അര്‍ധസൈനികരേയും വിന്യസിച്ചിട്ടുണ്ട്.