പ്രസാദും ഗീതയും പറയുന്നു; ഇവിടം സ്വർഗമാണ്

Share our post

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിന്റെ അങ്ങ് മേലെ കോറാളിയിൽ ഒരു സ്വർഗമുണ്ട്. കർഷകനായ എൻ ഡി പ്രസാദും ഭാര്യ ഗീതയും രാപ്പകലില്ലാതെ നട്ടുനനച്ച് പടുത്തുയർത്തിയ ഹരിതസ്വർഗം. നടക്കാൻ പോലും ബുദ്ധിമുട്ടുള്ള മലമടക്കിൽ ഒരത്ഭുത കാഴ്ചയാണ് ഇവരുണ്ടാക്കിയ ലോകം.

അതിരാവിലെ പറമ്പിലേക്ക് ഇറങ്ങുന്ന ഇരുവരും സന്ധ്യയായാലേ വീട്ടിലേക്ക് മടങ്ങൂ. മൃഗങ്ങളുടെയോ വിത്തിനങ്ങളുടെയോ എന്ത് വ്യത്യസ്തത മാർക്കറ്റിൽ കണ്ടാലും പിറ്റേന്ന് അത് പ്രസാദിന്റെ വീട്ടിൽ ഉണ്ടാകും. അത്രയ്ക്ക് ലഹരിയാണ് ഇവർക്ക് കൃഷി.

തട്ട് തിരിച്ചുള്ള സമ്പ്രദായപ്രകാരമാണ് കൃഷി ചെയ്യുന്നത്. തക്കാളി, പയർ, പടവലം, വഴുതിന, ചീര, പച്ചമുളക്, കക്കിരി, ഉള്ളി, അമര, ബീറ്റ്റൂട്ട് തുടങ്ങിയവ ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. മലേഷ്യൻ വാള, ഗോൾഡ്, റെഡ് വെല്ലി, ചിത്രലാട എന്നീ മത്സ്യങ്ങളും കോഴി, താറാവ് എന്നിവയുടെ നിരവധി ഇനങ്ങളും ഇവിടെയുണ്ട്.

ഗിനിപ്പന്നിയും വെള്ളയെലിയും കൾഗവും മണിത്താറാവും അരയന്നവും കൗതുകമുണർത്തുന്ന കാഴ്ചകളാണ്.ആറ് ക്വിന്റലോളം പയറാണ് കഴിഞ്ഞ തവണ കിട്ടിയത്. പയ്യന്നൂർ ബ്ലോക്ക്‌ തല ഉത്തമ കർഷക കുടുംബം, ചെറുപുഴ കൃഷി ഭവൻ അവാർഡ്, റോയൽ ട്രാവൻകൂർ അവാർഡ് എന്നിവ ഇതിനോടകം പ്രസാദിനെ തേടിയെത്തി.

ചെറുപുഴ കൃഷിഭവനിൽനിന്നും എല്ലാ സഹായവും പിന്തുണയും കിട്ടുന്നുണ്ടെന്ന് ഇവർ പറയുന്നു. കൃഷിയിടത്തോട് ചേർന്ന് തന്നെ വനം ഉള്ളതിനാൽ കാട്ടുപന്നി ശല്യം അതി രൂക്ഷമാണ്. വേനൽ കടുത്തതോടെ ജല ലഭ്യതയും കുറഞ്ഞു എന്നതും ഇപ്പോൾ നേരിടുന്ന വെല്ലുവിളിയാണ്. പ്രസാദിന്റെ അമ്മയും മക്കളായ വിഷ്ണുവും വിനയയും എല്ലാ പിന്തുണയുമായി കൂടെയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!