എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പുതിയ ഐ.പി ബ്ലോക്ക് വരുന്നു

Share our post

കൊച്ചി : ജനറൽ ആസ്പത്രിയിൽ പുതിയ ഐപി ബ്ലോക്ക്‌ വരുന്നു. 700 കിടക്കകളുള്ള ഐപി ബ്ലോക്കാണ്‌ നിർമിക്കാനൊരുങ്ങുന്നത്‌. ജില്ലയിലെ പൊതുജനാരോഗ്യരംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ ജനറൽ ആസ്പത്രിയിൽ പുതിയ ബ്ലോക്ക്‌ നിർമിക്കുന്നത്‌.

ജില്ലയിലെ സാധാരണക്കാരടക്കമുള്ളവരുടെ ആശ്രയകേന്ദ്രമാണ്‌ ജനറൽ ആസ്പത്രി. നിരവധിപേരാണ്‌ ദിനംപ്രതി ഇവിടെ ചികിത്സ തേടുന്നത്‌. നിലവിൽ പരമാവധി 600 രോഗികളെമാത്രമേ കിടത്തിച്ചികിത്സ നൽകാൻ കഴിയുന്നുള്ളൂ.

ഈ സാഹചര്യത്തിലാണ്‌ കൂടുതൽ രോഗികൾക്കുകൂടി മികച്ച ചികിത്സയും സേവനങ്ങളും ലഭ്യമാക്കാൻ ഇത്തരമൊരു ഉദ്യമം. ഐസിയു ഉൾപ്പെടെയുള്ള സംവിധാനങ്ങളും പുതിയ ബ്ലോക്കിൽ സജ്ജീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്‌.

സർക്കാരിന്റെയും ആസ്പത്രി വികസനസമിതിയും അനുവദിക്കുന്ന തുക, സാമൂഹ്യപ്രതിബദ്ധതാ ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ്‌ പുതിയ ഐപി ബ്ലോക്ക്‌ നിർമിക്കുക. ആശുപത്രിയുടെ പ്രവേശനകവാടത്തിനുസമീപമായിരിക്കും ഈ ബ്ലോക്ക്‌.

നൂറുകോടിക്കടുത്താണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ശനിയാഴ്‌ച ചേരുന്ന ആശുപത്രി വികസനസമിതി യോഗത്തിൽ വിശദമായ പദ്ധതി അവതരണം നടത്തും. ശേഷം അംഗീകാരത്തിനായി ആരോഗ്യ ഡയറക്ടർ മുഖാന്തരം സർക്കാരിന്‌ സമർപ്പിക്കും.

സർക്കാർ അംഗീകാരം ലഭിച്ച ഉടൻ നിർമാണം തുടങ്ങും.എൽ.ഡി.എഫ്‌ സർക്കാർ ജനറൽ vയിൽ നടപ്പാക്കുന്ന സമാനതകളില്ലാത്തതും മാതൃകാപരവുമായ വികസനപദ്ധതികളുടെ തുടർച്ചകൂടിയാണ്‌ പുതിയ ഐപി ബ്ലോക്ക്‌. ജനറൽ ആസ്പത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌ യാഥാർഥ്യമാക്കി.

സംസ്ഥാനത്തെ ജനറൽ ആസ്പത്രികളിലെ ആദ്യ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കായിരുന്നു ഇത്‌. ഇന്ത്യയിൽ ആദ്യമായി ഹൃദയശസ്‌ത്രക്രിയ നടന്ന ജനറൽ ആസ്പത്രിയും ഇതാണ്‌.

25 കോടി രൂപ ചെലവിൽ ക്യാൻസർ ബ്ലോക്കിന്റെ നിർമാണവും പൂർത്തിയാക്കി. ഉദ്‌ഘാടനം ഉടൻ നടക്കും. ജൂണിൽ ന്യൂറോ സർജറി വിഭാഗവും ഈ വർഷംതന്നെ വൃക്കമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയാസൗകര്യങ്ങളും ഒരുക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!