കേന്ദ്ര സായുധ പോലീസ് സേനകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ്; ഇപ്പോള്‍ അപേക്ഷിക്കാം | യു. പി. എസ്. സി, സി.എ.പി.എഫ് വിജ്ഞാപനം

കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി.എ.പി.എഫ്.) 322 അസിസ്റ്റന്റ് കമാന്‍ഡന്റ് ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ബി.എസ്.എഫ്.-86, സി.ആര്‍.പി.എഫ്.-55, സി.ഐ.എസ്.എഫ്.-91, ഐ.ടി.ബി.പി.-60, എസ്.എസ്.ബി.30 എന്നിങ്ങനെയാണ് വിവിധ സേനകളിലെ ഒഴിവുകള്‍.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബാച്ചിലര്‍ ബിരുദം.
ശാരീരിക യോഗ്യത: പുരുഷന്മാര്‍ക്ക് കുറഞ്ഞത് 165 സെ.മീ. ഉയരം, 81 സെ.മീ. നെഞ്ചളവ് (5 സെ.മീ. വികാസം), 50 കി.ഗ്രാം ഭാരം എന്നിവയുണ്ടായിരിക്കണം. വനിതകള്‍ക്ക് 157 സെ.മീ. ഉയരവും 46 കി.ഗ്രാം ഭാരവും വേണം. മികച്ച കാഴ്ചശക്തിയുണ്ടായിരിക്കണം.
പ്രായപരിധി: 2023 ഓഗസ്റ്റ് 1-ന് 20-25 വയസ്സ്. അപേക്ഷകര്‍ 1998 ഓഗസ്റ്റ് 2-നും 2003 ഓഗസ്റ്റ് 1-നും മധ്യേ ജനിച്ചവരാകണം. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന, ഇന്റര്‍വ്യൂ/ പേഴ്‌സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 26-നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്.
പേപ്പര്‍ I (ഒബ്‌ജെക്ടിവ് ടൈപ്പ്), പേപ്പര്‍ II (വിവരണാത്മകം) എന്നിവയുള്‍പ്പെടുന്നതാണ് പരീക്ഷ. തെറ്റുത്തരത്തിന് നെഗറ്റിവ് മാര്‍ക്ക് ഉണ്ടായിരിക്കും.
100 മീറ്റര്‍, 800 മീറ്റര്‍ ഓട്ടം, ലോങ്ജമ്പ്, ഷോട്ട് പുട്ട് (പുരുഷന്മാര്‍ക്ക് മാത്രം) എന്നിവയുള്‍പ്പെടുന്നതായിരിക്കും ഫിസിക്കല്‍ ടെസ്റ്റ്. ഇന്റര്‍വ്യൂവിന് പരമാവധി 150 മാര്‍ക്കായിരിക്കും ഉണ്ടാവുക.
ഫീസ്: 200 രൂപയാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായോ ചലാന്‍ ഉപയോഗിച്ച് എസ്.ബി.ഐ. ശാഖകള്‍ മുഖേനയോ ഫീസടയ്ക്കാം. വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസില്ല.
അപേക്ഷ: www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകര്‍ യു.പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ (ഒ.ടി.ആര്‍) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒ.ടി.ആര്‍. പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തശേഷം ‘Latest Notification’ ലിങ്ക് വഴി അപേക്ഷിക്കാം.
പാര്‍ട്ട് I, പാര്‍ട്ട് II എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ഫോട്ടോ ഒപ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ അപ്‌ലോഡ് ചെയ്യണം. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ ഇതിനുള്ള അവസരം മേയ് 17 മുതല്‍ 23 വരെ ലഭിക്കും. മറ്റ് നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 17 (6 pm). പരീക്ഷയുടെ വിശദമായ സിലബസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക് www.upsc.gov.in-ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.