യാത്രയ്ക്കിടെ വിദ്യാർഥിനിയ്ക്ക് ശാരീരികാസ്വാസ്ഥ്യം; കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് നേരെ ആസ്പത്രിയിലേക്ക്

തിരുവല്ല: യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർഥിനിയുമായി കെ.എസ്.ആർ.ടി.സി. ബസ് ആസ്പത്രിയിലെത്തി.
ബുധനാഴ്ച ഉച്ചയ്ക്ക് പത്തനാപുരം ഡിപ്പോയിൽനിന്ന് മാനന്തവാടിയ്ക്കുപോയ സൂപ്പർ ഫാസ്റ്റ് ബസ് ഇരവിപേരൂർ കഴിഞ്ഞപ്പോഴാണ് നഴ്സിങ് വിദ്യാർഥിനിയായ ആഷ് ലി ബിജുവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ഡ്രൈവറോട് വിവരം പറഞ്ഞു. തുടർന്ന് കണ്ടക്ടറുടെ നിർദേശപ്രകാരം ബസ് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലേക്ക് വിട്ടു.
ആസ്പത്രിയിലെത്തിച്ച കുട്ടിയ്ക്ക് അത്യാഹിതവിഭാഗത്തിൽ പ്രാഥമിക ചികിത്സ നൽകി. തുടർപരിശോധനയിൽ ക്ഷീണംമൂലമുള്ള അസ്വസ്ഥതയെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
കുട്ടിയ്ക്കൊപ്പം സഹപാഠികളും ആശുപത്രിയിൽതന്നെ നിന്നു. ഒരുമണിക്കൂറിനുശേഷം ബസ് മറ്റ് യാത്രക്കാരുമായി മാനന്തവാടിയിലേക്ക് പോയി.