‘സന്ദീപാനന്ദഗിരിയെ പാഠം പഠിപ്പിക്കണം’; മുഖ്യസൂത്രധാരന്‍ ബി.ജെ.പി കൗണ്‍സിലര്‍; ബൈക്ക് പൊളിച്ചുവിറ്റു

Share our post

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസൂത്രധാരന്‍ ബിജെപി പ്രവര്‍ത്തകനായ വി.ജി.ഗിരികുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. തിരുവനന്തപുരം നഗരസഭ പിടിപി വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് ഗിരികുമാര്‍.

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സന്ദീപാനന്ദഗിരി നടത്തിയ പരാമര്‍ശങ്ങളിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപാനന്ദഗിരി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് 2018 ഒക്ടോബര്‍ 21-ന് നടന്ന പ്രതിഷേധപ്രകടനത്തില്‍ കേസിലെ ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ പങ്കെടുത്തിരുന്നതായും ഇതിന് ശേഷമാണ് ആക്രമണം നടത്താനുള്ള ഗൂഢാലോചന നടന്നതെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സന്ദീപാനന്ദഗിരിയെ പാഠം പഠിപ്പിക്കണമെന്ന് ഗിരികുമാര്‍ നിര്‍ദേശിച്ചതായും അന്വേഷണസംഘം പറയുന്നു.

2018 ഒക്ടോബര്‍ 27-നാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം അക്രമികള്‍ കത്തിച്ചത്. ഈസമയം ആശ്രമം ഉള്‍പ്പെടുന്ന വലിയവിള വാര്‍ഡിലെ കൗണ്‍സിലറായിരുന്നു ഗിരികുമാര്‍. കേസില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ശബരി എസ്.നായരെയും(29) ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസംഅറസ്റ്റുചെയ്തിരുന്നു.

ആശ്രമം കത്തിക്കാനുള്ള ഗൂഢാലോചന നടത്തിയത് ഗിരികുമാറാണെന്നും ആശ്രമം തീയിട്ട രണ്ടു പേരില്‍ ഒരാള്‍ ശബരിയാണെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ശബരിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗിരികുമാറിനെയും പിടികൂടിയത്.

ഗിരിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒന്നാംപ്രതിയായ പ്രകാശും മൂന്നാംപ്രതിയായ ശബരിയും ചേര്‍ന്ന് ആശ്രമത്തിന് തീയിട്ടത്. ആശ്രമത്തിലേക്ക് ഇരുവരുമെത്തിയ ബൈക്ക് പൊളിച്ച് വിറ്റുവെന്ന് കണ്ടെത്തിയെന്നും ഇത് കണ്ടെടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

2011-ല്‍ പുറത്തിറക്കിയ 220 സിസി ബൈക്ക് ആണ് ആശ്രമം കത്തിച്ച സംഘം സഞ്ചരിക്കാന്‍ ഉപയോഗിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിരുന്നു. വെറും 2500 രൂപയ്ക്കാണ് ഈ ബൈക്ക് പൊളിച്ചു വിറ്റത്. കേസിലെ മൂന്നാംപ്രതി ശബരിയെ സംഭവ സ്ഥലത്ത് വെച്ച് കണ്ടതായുള്ള സാക്ഷിമൊഴിയുണ്ട്.

പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയേക്കാമെന്ന് ചൂണ്ടിക്കാട്ടി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യണമെന്നാണ് അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആശ്രമം കത്തിച്ച കേസില്‍ ഒന്നാംപ്രതിയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രകാശ് 2022 ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം പ്രകാശിന്റെ സഹോദരന്‍ പ്രശാന്ത് നടത്തിയ വെളിപ്പെടുത്തലാണ് നാലു വര്‍ഷത്തോളം തെളിവില്ലാതെ കിടന്ന കേസില്‍ നിര്‍ണായകമായത്.

സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ആശ്രമം കത്തിച്ചെന്നു ആത്മഹത്യയ്ക്കു മുന്‍പ് പ്രകാശ് തന്നോടു പറഞ്ഞെന്നായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ വെളിപ്പെടുത്തലില്‍ നിന്ന് ഇയാള്‍ പിന്നീട് മലക്കം മറിഞ്ഞു. പക്ഷേ, പ്രശാന്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേസിലെ അന്വേഷണം കൂടുതല്‍ കാര്യക്ഷമമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!