പ്രസവം എടുത്തതിൽ വീഴ്ച; നവജാത ശിശുവിന്റെ ഇടതു കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു

Share our post

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആസ്പത്രിയിൽ പ്രസവം എടുത്തതിൽ വീഴ്ചയെന്ന് പരാതി. നവജാത ശിശുവിന്റെ കൈയിന്റെ എല്ലു പൊട്ടിയെന്നും ഇടതുകൈയുടെ ചലന ശേഷി നഷ്ടപ്പെട്ടുവെന്നും കാണിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്.

പ്രസവ സമയത്ത് ശ്രദ്ധയില്ലാതെ കുഞ്ഞിനെ വലിച്ചെടുത്തത് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. പ്രസവം നടക്കുമ്പോൾ ജൂനിയർ ഡോക്ടർമാർ മാത്രമേ ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങൾ കാണിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം.

മാർച്ച് 27നാണ് നെയ്യാറ്റിൻകര ജനറൽ ആസ്പത്രിയിൽ വെച്ച് അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈക്ക് പൊട്ടലുണ്ടായെന്നും ഞരമ്പ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പറയുന്നത്.

പ്രസവിച്ചയുടനെ കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നാണ് നെയ്യാറ്റിൻകരയിലെ ആസ്പത്രി അധികൃതർ പറഞ്ഞത്. അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആസ്പത്രിയിൽ കാണിക്കാൻ പറ‌ഞ്ഞത്. അങ്ങനെ എസ്.എ.ടി ആസ്പത്രിയിൽ ചികിത്സ തേടി.

കുഞ്ഞിനെ പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കൈ എല്ല് പൊട്ടാൻ കാരണമായതെന്നാണ് ആസ്പത്രിയിൽ നിന്ന് പറഞ്ഞത്. നിലവിൽ എല്ല് പൊട്ടൽ ശരിയായെങ്കിലും ഞരമ്പിന്റെ പ്രശ്നം മാറിയില്ല.

പ്രസവ സമയത്ത് നെയ്യാറ്റിൻ കരയിലെ പ്രധാന ഡോക്ട‍ര്‍മാരുണ്ടായിരുന്നില്ലെന്നും ജൂനിയർ ഡോക്ടറും നഴ്സുമാരും മാത്രമാണ് പ്രസവ സമയത്ത് ലേബർ മുറിയിൽ ഉണ്ടായിരുന്നതെന്നും കാവ്യ പറയുന്നു. കുടുംബം ആരോഗ്യമന്ത്രിക്കും പരാതി നൽകിയിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!