ദ കേരള സ്റ്റോറിക്കെതിരായ ഹർജി; അടിയന്തര ഇടപെടലിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബഞ്ചും വിസമ്മതിച്ചു

ന്യൂഡൽഹി: വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രത്തിനെതിരേ ഹർജിക്കാർക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ബഞ്ച് നിർദേശിച്ചു. ചിത്രത്തിനെതിരെ മൂന്ന് ഹർജികളാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.
ഒരു സമുദായത്തെ മുഴുവൻ ഇകഴ്ത്തിക്കാണിക്കുന്ന ചിത്രമാണ് ദ കേരള സ്റ്റോറിയെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷക വൃന്ദ ഗ്രോവർ ആരോപിച്ചു.
വസ്തുതാപരമല്ലാത്ത കാര്യങ്ങൾ സത്യം എന്ന രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും. അതിനാൽ സുപ്രീം കോടതി തങ്ങളുടെ ഹർജി വ്യാഴാഴ്ച കേൾക്കണമെന്ന് വൃന്ദ ഗ്രോവർ ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ റിലീസ് തടയണമെന്നാണോ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആരാഞ്ഞു. ചിത്രം യഥാർഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അല്ല എന്ന് എഴുതി കാണിക്കണം എന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഗ്രോവർ മറുപടി നൽകി.
ചിത്രത്തിനെതിരായ ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.
ചിത്രത്തിനെതിരായ ഹർജി റിലീസ് നടക്കുന്ന വെള്ളിയാഴ്ച ആണ് ഹൈക്കോടതി ഇനി പരിഗണിക്കുന്നത് എന്ന് വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി.
ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ഈ ഹർജിക്കാരോടും ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിനാൽ ഹർജികൾ ഫയൽ ചെയ്താൽ അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ചിത്രത്തിനെതിരായ അപേക്ഷയിൽ ഇടപെടാൻ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചും കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു.