മകനെ കൊല്ലും, കേസില്‍ കുടുക്കും; വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍

Share our post

കോഴിക്കോട് : വെള്ളയിൽ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

വെള്ളയിൽ നാലുകുടിപറമ്പ് കെ.പി. അജ്മൽ (30) ആണ് പിടിയിലായത്. പെയിന്റിങ് തൊഴിലാളിയാണ് ഇയാൾ. മകനെ കള്ളക്കേസിൽക്കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി യുവതിയെ ഇയാൾ ഒട്ടേറെത്തവണ പീഡനത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു.

ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും കോഴിക്കോട് ആന്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്ന് തിങ്കളാഴ്ച വൈകീട്ട് വെള്ളയിൽ ഭാഗത്തുനിന്നാണ് അജ്മലിനെ കസ്റ്റഡിയിലെടുത്തത്.

ഒരു വർഷത്തോളമായി പീഡനം തുടരുന്നുവെന്നും മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജുകളിലും മറ്റ് പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതി പറഞ്ഞതായി പോലീസ് അറിയിച്ചു.

പോലീസിൽ പരാതികൊടുക്കുമെന്നു പറഞ്ഞപ്പോൾ മൊബൈലിൽ പലരീതിയിലുള്ള ഫോട്ടോ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. ഒടുവിൽ കുടുംബത്തെ വിവരമറിയിച്ചശേഷം യുവതി പോലീസിൽ പരാതിനൽകുകയായിരുന്നു.

അജ്മൽ സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നയാളാണെന്നും അടുത്ത് പിടിയിലായ മയക്കുമരുന്ന് കേസിൽപ്പെട്ട പ്രതികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. അജ്മലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രതീഷ് ഗോപാൽ, വിനോദ്, സന്ദീപ്, ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!