വിവാഹസത്കാരത്തിനിടെ ബോംബേറ്, വാളുമായി ഭീഷണി; വരനും സുഹൃത്തുക്കളും അറസ്റ്റില്‍

Share our post

പേരൂർക്കട: വിവാഹ സത്കാരത്തിനിടയിൽ നടന്ന തർക്കത്തെത്തുടർന്ന് നാട്ടുകാർക്കു നേരേ നാടൻ ബോംെബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ വരനും സുഹൃത്തുക്കളുമടക്കം നാലുപേരെ പേരൂർക്കട പോലീസ് അറസ്റ്റു ചെയ്തു.

വരൻ പോത്തൻകോട് കലൂർ മഞ്ഞമല വിപിൻ ഭവനിൽ വിജിൻ (24), ഇയാളുടെ സുഹൃത്തുക്കളായ ആറ്റിങ്ങൽ ഇളമ്പ വിജിതാ ഭവനിൽ വിജിത്ത് (23), പോത്തൻകോട് പേരുതല അവിനാഷ് ഭവനിൽ ആകാശ് (22), ആറ്റിങ്ങൽ ഊരുപൊയ്ക പുളിയിൽകാണി വീട്ടിൽ വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. പേരൂർക്കട വഴയിലയിൽ ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

വാൾ, വെട്ടുകത്തി, നാടൻബോംബ് എന്നിവയുമായാണ് വരന്റെ സുഹൃത്തുക്കൾ സ്ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന്, പള്ളിയുടെ മുൻപിൽ നിന്ന ആളുകളുടെ നേരേ നാടൻ ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

നാട്ടുകാർ സംഘടിച്ചതോടെ, വന്ന ഓട്ടോറിക്ഷയിൽ കയറി പ്രതികൾ വഴയിലവഴി പേരൂർക്കട ഭാഗത്തേക്ക് പോകുകയും പിന്തുടർന്ന നാട്ടുകാരെ വീണ്ടും നാടൻ ബോംബുകൾ എറിയുകയും വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആറ്റിങ്ങൽ, വെഞ്ഞാറമൂട്, പോത്തൻകോട്, ചിറയിൻകീഴ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!