‘32,000 മാറി മൂന്നായി’: ‘കേരള സ്റ്റോറി’യുടെ ഡിസ്ക്രിപ്ഷൻ തിരുത്തി നിർമാതാക്കൾ

Share our post

വിവാദങ്ങള്‍ക്കിടെ ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണത്തില്‍ തിരുത്തുമായി അണിയറ പ്രവര്‍ത്തകര്‍. മുപ്പത്തിരണ്ടായിരം യുവതികള്‍ കേരളത്തില്‍ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നല്‍കുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പില്‍ നിന്ന് ഒഴിവാക്കി.

കേരളത്തിലെ മൂന്നു പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥ എന്നാണ് പുതിയ വിവരണത്തില്‍ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പായി നല്‍കിയിരുന്നത്.

അതിനിടെ, വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരായ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപീംകോടതി വിസമ്മതിച്ചു. ചിത്രത്തിന്റെ റിലീസ് തടയാന്‍ സാധ്യമായ എല്ലാവഴികളും നോക്കുമെന്നും നാളെ ചീഫ് ജസ്റ്റിസിന് മുന്‍പാകെ വിശദമായ ഹര്‍ജി നല്‍കുമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബില്‍ വ്യക്തമ ാക്കി.

ദ കേരള സ്റ്റോറി വിദ്വേഷ പ്രചാരണം പ്രോത്സാഹിപ്പിക്കുന്ന സിനിമയാണെന്ന ആക്ഷേപവുമായി അഭിഭാഷകന്‍ നിസാം പാഷയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിന് മുന്‍പാകെ പ്രത്യേക അപേക്ഷ നല്‍കുകയായിരുന്നു.

എന്നാല്‍ മറ്റൊരു കേസില്‍ അപേക്ഷയായി ഈ വിഷയം പരിഗണിക്കാന്‍ ജസ്റ്റിസുമാരായ കെ എം ജോസഫ്, നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് വിസമ്മതിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതിയെ സമീപിച്ചുകൂടേയെന്ന് കോടതി ചോദിച്ചു. ചിത്രത്തിന്റെ ട്രയിലര്‍ കാണണമെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോടാവശ്യപ്പെട്ടു. ടിവിയില്‍ റിപ്പോര്‍ട്ട് കണ്ടെന്ന് ജസ്റ്റിസ് കെ എം ജോസഫ് അറിയിച്ചപ്പോള്‍, ഹര്‍ജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ച സാഹചര്യത്തില്‍ വിഷയം ചീഫ് ജസ്റ്റിസിന്റെ മുന്‍പില്‍ പരാമര്‍ശിക്കാനും, വിശദമായ ഹര്‍ജി നല്‍കാനും തീരുമാനിച്ചു.

അതേ സമയം കേരളത്തിലെ മതപരിവര്‍ത്തന നീക്കങ്ങളെ കുറിച്ച് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാന്ദദന്‍ നടത്തിയ പരാമര്‍ശം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. നേരിട്ടുള്ള പ്രതികരണം ഒഴിവാക്കുമെങ്കിലും, പരാമര്‍ശം മറ്റൊരു രീതിയില്‍ ഉപയോഗിക്കുമെന്നാണ് സംവിധായകന്‍ സുദീപ്‌തോ സെന്‍ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!